വടക്കാഞ്ചേരി : തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാം തവണയും പ്രസവമെടുത്ത് ശുചീകരണത്തൊഴിലാളി സുഹ്റാബിയുടെ (60) കാരുണ്യ സേവനം. ഇന്നലെ ആസാം സ്വദേശി ജസ്‌ന ബീഗത്തിന്റെ (25) പ്രസവമാണ് സുഹ്റാബി എടുത്തത്. 2017ൽ എറണാകുളം സ്വദേശി ട്രെയിനിൽ പ്രസവിച്ചപ്പോൾ ഉദ്യോഗസ്ഥർ വിളിച്ചു വരുത്തിയ സുഹ്റാബി കംപാർട്ട്‌മെന്റിൽ കയറി പ്രസവമെടുത്തു. ഇത്തവണ പ്ലാറ്റ്‌ഫോമിലായിരുന്നു പ്രസവം. രണ്ടു തവണയും പെൺകുഞ്ഞിനെയാണ് കൈകളിലേറ്റുവാങ്ങിയത്.
ഇന്നലെ രാവിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എസ്‌കലേറ്ററിന് സമീപം പൂർണ്ണ ഗർഭിണിയായ യുവതിയെ അവശനിലയിൽ ഒരു ആൺകുട്ടിയോടൊപ്പം കണ്ടെത്തുകയായിരുന്നു. സി.ആർ.പി.എഫ് വനിതാ ഉദ്യോഗസ്ഥരുടെയും, സ്‌റ്റേഷൻ ജീവനക്കാരുടെയുമൊപ്പം സുഹ്റാബിയെത്തി. ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവതി പ്രസവിച്ചു. പിന്നീട് പൊക്കിൾക്കൊടി മുറിച്ച്, കുട്ടിയെ കഴുകി വൃത്തിയാക്കി ഉദ്യോഗസ്ഥർക്ക് കൈമാറി. സെക്കന്ദരാബാദിലേക്ക് പോകാനെത്തിയതാണ് യുവതിയെന്ന് പറയുന്നു.
വടക്കാഞ്ചേരി നാരകത്തുപറമ്പിൽ കബീറിന്റെ ഭാര്യയാണ് സുഹ്റാബി. മൂന്ന് പെൺമക്കളുടെ മാതാവ്. വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ഫൊറോന പള്ളിക്ക് പിറകിൽ വാടക വീട്ടിലാണ് താമസം. മക്കളുടെ വിവാഹം നടത്താൻ ആകെ ഉണ്ടായിരുന്ന മൂന്ന് സെന്റ് ഭൂമിയും, വീടും വിറ്റു. ഭർത്താവ് കബീർ തളർന്നു കിടപ്പാണ്. റെയിൽവേയിൽ കരാർ ജീവനക്കാരിയായി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം. ജോലി കഴിഞ്ഞെത്തിയാൽ തെങ്ങുകയറ്റം, തയ്യൽ എന്നീ ജോലികൾ ചെയ്യുന്നു. സർക്കാരിന്റെ ലൈഫ് മിഷൻ വീടിന് അപേക്ഷിച്ച് കാത്തിരിക്കയാണ് സുഹ്‌റാബി.