wayanad
ഫയല്‍ ചിത്രം | ഫോട്ടോ: കേരളകൗമുദി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം വൈകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തഭൂമിയില്‍ നടത്തിയ തെരച്ചിലില്‍ ഇനിയും 119 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.119 പേരെയാണ് ഇനി കണ്ടെത്താന്‍ അവശേഷിക്കുന്നത്. കണ്ടെത്തെത്താന്‍ അവശേഷിക്കുന്നവരുടെ ബന്ധുക്കളില്‍ നിന്നും 91 പേരുടെ ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. 219 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളിലാണ് കഴിയുന്നത്. 75 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ സജ്ജമാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുനരധിവാസത്തിന്റെ വിവിധ വശങ്ങള്‍ ദുരന്തബാധിത പ്രതികരണ രംഗത്തെ വിദഗ്ദ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ശേഖരിച്ച ശേഷമാണ്, പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നല്‍കുക.

ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങളായിരുന്നു ക്യാംപുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ 219 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നു. മറ്റുള്ളവര്‍ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബവീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും. 75 സര്‍ക്കാര്‍ കോര്‍ട്ടേഴ്‌സുകള്‍ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കി. ഇവയില്‍ 83 കുടുംബങ്ങളെ താമസിപ്പിക്കാം. സര്‍ക്കാര്‍ കണ്ടെത്തിയ 177 വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടുണ്ട്. അതില്‍ 123 എണ്ണം ഇപ്പോള്‍ തന്നെ മാറിത്താമസിക്കാന്‍ യോഗ്യമാണ്. 105 വാടക വീടുകള്‍ ഇതിനകം അനുവദിച്ചു നല്‍കിയിട്ടുണ്ട്. 22 കുടുംബങ്ങള്‍ അങ്ങനെ താമസം തുടങ്ങി.

179 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളില്‍ ഒരാളും അവശേഷിക്കുന്നില്ല. ഈ കുടുംബത്തില്‍ നിന്ന് 65 പേരാണ് മരണമടഞ്ഞത്. 5 പേരുടെ നെക്സ്റ്റ് ഓഫ് കിന്‍-നെ കണ്ടെത്താനാവാത്ത സ്ഥിതിയാണ്. ഡി എന്‍ എ പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. മരണപ്പെട്ട 59 പേരുടെ ആശ്രിതര്‍ക്ക് എസ് ഡി ആര്‍ എഫില്‍ നിന്നും 4 ലക്ഷവും സി എം ഡി ആര്‍ എഫില്‍ നിന്നും 2 ലക്ഷവും അടക്കം 6 ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജീവിതോപാധികള്‍ നഷ്ടപ്പെട്ട് അതിജീവനത്തിനായി പൊരുതുന്ന ഹതഭാഗ്യരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ കേരളത്തിലെ ബാങ്കുകളുടെ പിന്തുണ അനിവാര്യമാണ്. കാര്‍ഷിക വൃത്തിയായിരുന്നു ആ ജനതയുടെ പ്രധാന വരുമാനമാര്‍ഗം. ഈ സാഹചര്യത്തില്‍ ലോണുകള്‍ എഴുതിത്തള്ളണമെന്ന നിര്‍ദേശം ഇന്നലെ നടന്ന സ്റ്റേറ്റ് ലവല്‍ ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മുന്നോട്ടുവെച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.