kb-ganesh-kumar
കെ.ബി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ചലച്ചിത്രതാരവും മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍. മലയാള സിനിമ മേഖലയില്‍ പവര്‍ ഗ്രൂപ്പ് എന്ന പേരില്‍ ഒരു സംവിധാനമുള്ളതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു നടനേയും സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ ഒതുക്കിയതായി തനിക്ക് അറിയില്ലെന്നും ഇപ്പോഴും താന്‍ തന്നെയാണ് ഇപ്പോഴും ആത്മയുടെ പ്രസിഡന്റെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്‌സ് (ATMA) വിചാരിച്ചാല്‍ ടെലിവിഷന്‍ രംഗത്ത് അഭിനയിക്കുന്ന ആരേയും വിലക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. സീരിയലുകളെ സംബന്ധിച്ച് അതിലേക്ക് അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്നത് ചാനലുകളിലെ ഉദ്യോഗസ്ഥരാണ്. സംവിധായകരെപ്പോലും നിശ്ചയിക്കുന്നത് ചാനല്‍ ഉദ്യോഗസ്ഥരാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

സംവിധായകന്‍ വിനയന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളോടും മന്ത്രി പ്രതികരിച്ചു. തനിക്ക് ഇഷ്ടമല്ലാത്തവരെ ടാര്‍ഗറ്റ് ചെയ്യുന്നത് വിനയന്റെ രീതിയാണെന്നും അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും മാദ്ധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടി മാത്രമാണെന്നും ഗണേഷ്‌കുമാര്‍ ആരോപിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ തിലകനെ വിലക്കിയതില്‍ ഉള്‍പ്പടെ മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിന് പങ്കുണ്ടെന്ന ആരോപണവുമായി സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയിരുന്നു. ഗണേഷ് കുമാറിനെതിരെയും വിനയന്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.