ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് യുദ്ധം അവസാനിപ്പിക്കണമെന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര സന്ദർശനത്തിന് വെള്ളിയാഴ്ച യുക്രെയിനിൽ എത്തും. റഷ്യൻ-യുക്രെയിൻ സേനകൾ ഏറ്റുമുട്ടൽ തുടരുമ്പോൾ, യുദ്ധം അവസാനിപ്പിക്കാനുള്ള സമവായ ദൗത്യവും മോദിയുടെ സന്ദർശനത്തിനുണ്ടെന്നാണ് സൂചന.
പുട്ടിന്റെ 'ശത്രു'വായ യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. 30 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയിനിൽ എത്തുന്നത്. ജൂണിൽ ഇറ്റലിയിൽ ജി 7 ഉച്ചകോടിയിൽ മോദിയും സെലെൻസ്‌കിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
ജൂലായിൽ റഷ്യ സന്ദർശിച്ച പ്രധാനമന്ത്രി മോദി,വ്ലാഡിമിർ പുട്ടിനെ ആലിംഗനം ചെയ്‌തതിനെ നിശിതമായ ഭാഷയിൽ സെലെൻസ്‌കി വിമർശിച്ചത് ലോകമാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. യുക്രെയിനിലെ കുട്ടികളുടെ ആശുപത്രിയിൽ ഉൾപ്പെടെ റഷ്യ മിസൈൽ ആക്രമണം നടത്തിയതിനിടെ ആയിരുന്നു മോദി-പുട്ടിൻ കൂടിക്കാഴ്ചയും ആലിംഗനവും. പുട്ടിനുമായുള്ള കൂടിക്കാഴ്ചയിൽ,യുദ്ധം പരിഹാരമല്ലെന്നും യുദ്ധത്തിലായാലും ഭീകരതയിലായാലും നിരപരാധികളായ കുട്ടികളുടെ ഉൾപ്പെടെയുള്ള മരണം മാനവരാശിയിൽ വിശ്വസിക്കുന്നവരെ അസ്വസ്ഥമാക്കുമെന്നും മോദി തുറന്നു പറഞ്ഞിരുന്നു. യുക്രെയിൻ യുദ്ധത്തെ പറ്റിയുള്ള മോദിയുടെ ഏറ്റവും കടുത്ത പരാമർശം. ആ സന്ദർശനത്തിൽ റഷ്യ സമുന്നത പുരസ്കാരമായ 'ഓർഡർ ഒഫ് സെന്റ് ആൻഡ്രൂ ദ അപ്പോസിൽ' നൽകി മോദിയെ ആദരിച്ചിരുന്നു. യുക്രിയിന്റെ നീരസം മാറ്റാൻ കൂടിയാണ് സന്ദർശനം.
റഷ്യയെ പിണക്കാതെ
റഷ്യയുടെ ആക്രമണങ്ങളെ അപലപിക്കാതെ വെടിനിറുത്തൽ വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. റഷ്യയുടെ ഡിസ്‌കൗണ്ട് നിരക്കിലുള്ള എണ്ണയും സൈനിക സാമഗ്രികളും ആവശ്യമുള്ള ഇന്ത്യ യുക്രെയിനുമായി ബന്ധപ്പെട്ട ഐക്യരാഷ്‌ട്ര സഭയിലെ എല്ലാ പ്രമേയങ്ങളിലും നിന്ന് വിട്ടു നിന്നിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ ഒറ്റപ്പെടുത്തുന്ന റഷ്യയ്ക്ക് ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ വലിയ സാമ്പത്തിക താങ്ങാണ്. റഷ്യയെ പിണക്കാത്ത യുദ്ധവിരുദ്ധ നിലപാടുമായാണ് മോദി യുക്രെയിനിൽ എത്തുന്നത്. അതേസമയം യുക്രെയിൻ യു.എസ് പക്ഷത്തേക്ക് അടുത്തു നിൽക്കയാണ്.
സമവായ ചർച്ച
നയതന്ത്രത്തിലൂടെയും ചർച്ചയിലൂടെയും സംഘർഷം പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. മോദി - സെലെൻസ്കി ചർച്ചയിൽ സമവായ സാദ്ധ്യതകൾ വിഷയമായേക്കും.
ഉഭയകക്ഷി ബന്ധവും ചർച്ച ചെയ്യും. സഹകരണ കരാറുകളും ഒപ്പിടും
പോളണ്ടിലും ചരിത്ര സന്ദർശനം
ഇന്നും നാളെയും പോളണ്ടിലെ സന്ദർശനത്തിന് ശേഷമാണ് മോദി യുക്രെയിനിലേക്ക് പോകുന്നത്. പോളണ്ടിൽ 45 വർഷത്തിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം.
പോളിഷ് പ്രധാനമന്ത്രി ഡെണാൾഡ് ടസ്‌കിന്റെ ക്ഷണംസ്വീകരിച്ചാണ് സന്ദർശനം. പോളണ്ടുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ 70ാംവാർഷികമാണിത്.
യൂറോപ്യൻ ബന്ധം
ഇന്ത്യയുടെ യൂറോപ്യൻ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗം കൂടിയാണ് മോദിയുടെ ഈ സന്ദർശനങ്ങൾ. റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമാണ് യുക്രെയിൻ. മോദിയുടെ രണ്ട് ടേമുകളിൽ 27 തവണയാണ് യുറോപ്പ് സന്ദർശിച്ചത്.