guru

ചെമ്പഴന്തി വയൽവാരത്ത് എന്ന ഇടത്തരം ഈഴവ കുടുംബത്തിൽ 1856-ൽ പിറന്ന ഒരു കുഞ്ഞിന് സംസ്കാരത്തിലും വിജ്ഞാനത്തിലും വളരാനുള്ള സാഹചര്യങ്ങൾ തുലോം കുറവാണെന്നുള്ള വസ്തുത ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ ചെറുപ്പത്തിൽത്തന്നെ സംസ‌്കൃത ഭാഷയിൽ പ്രാവീണ്യം ലഭിച്ചതുകൊണ്ട് ദാർശനികമായ നിലവാരമുള്ള വിപുലമായ വിജ്ഞാനം ഗ്രഹിക്കുവാനും വിമർശനത്തിന് വിധേയമാക്കി അവയെ പരിഷ്കരിച്ച് സ്വാംശീകരിക്കുവാനും ഗുരുദേവന് ചെറുപ്പത്തിലേ കഴിഞ്ഞു.

അങ്ങനെയാണ് അദ്ദേഹത്തിന് ശ്രീശങ്കരന്റെ അദ്വൈത സിദ്ധാന്തത്തിന്റെ കവാടം തുറന്നുകിട്ടിയത്. കൗമാരത്തിൽത്തന്നെ സംസ്കൃതം, തമിഴ്, മലയാളം എന്നീ ഭാഷകളിലൂടെ ലഭിക്കാവുന്ന വിജ്ഞാനമത്രയും അദ്ദേഹം ആർജിച്ചു കഴിഞ്ഞിരുന്നു. ഇതുമൂലം ചെറുപ്പത്തിൽത്തന്നെ ഗുരുദേവന്റെ മനസ് ഒരു പരിണാമ പ്രക്രിയയിലൂടെ പരമാവധി വികാസം പ്രാപിച്ചുകഴിഞ്ഞിരുന്നു. ഇക്കാലത്തു തന്നെ ഒരു ദാർശികന്റെ മാനസിക ഘടനയും ചിന്താരീതിയും അദ്ദേഹം സ്വായത്തമാക്കുകയും ചെയ്തു. അലസവും ഒരുപക്ഷേ അശ്രദ്ധവുമായ ഒരു ജിജ്ഞാസയോടെ അതിവികാസം പ്രാപിച്ച നിസംഗ മനസോടെ ഗുരുദേവൻ തെക്കേയിന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങൾ തോറും സഞ്ചരിച്ച് കണ്ടും, കണ്ടു പഠിച്ചും അവധൂതനായി സഞ്ചരിച്ച കാലഘട്ടമുണ്ടായിരുന്നു.

ഗുരുദേവന്റെ ജീവചരിത്രത്തിലെ അജ്ഞാതമായ ഈ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താക്കോൽസ്ഥാനം കിടക്കുന്നതും. വിജ്ഞാനവും പ്രാഗത്ഭ്യവും ഒത്തുചേർന്ന ഒരു മനസിന്റെ രാസശാലയിൽ കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും നിത്യജീവിതം അപഗ്രഥിക്കപ്പെട്ടപ്പോൾ അത് രൂപാന്തരം പ്രാപിച്ചത് കേവലവും ശ്രേഷ്ഠവുമായ മനുഷ്യത്വമായാണ്. ആ മനുഷ്യത്വം ഒരു താത്ത്വിക മുദ്രാവാക്യമായും അതിന്റെ ആവിഷ്കരണമദ്ധ്യേ കൈവന്ന മനുഷ്യസ്നേഹം ഒരു പ്രവർത്തനസരണിയായും രൂപംകൊണ്ടു. ആ തത്ത്വവും ആ സരണിയുമാണ് ശ്രീനാരായണ ഗുരുദേവൻ എന്ന യുഗപുരുഷൻ.

ഗുരുദേവൻ ഒരേസമയം ദാർശനികനും പ്രവാചകനുമായി മാറുന്ന അദ്‌ഭുതാവഹമായ പ്രതിഭാസം നാം തിരിച്ചറിയുന്നു. നാരായണ ഗുരുവെന്ന യുഗപുരുഷന്റെ ജീവചരിത്ര വസ്തുതയിലേക്ക് കടന്നുകയറാനുള്ള കവാടമാണ് ഇത്. പ്രവാചകന്മാരുടെയും ദാർശനികന്മാരുടെയും ജീവചരിത്രം വായിച്ചിട്ടുള്ളവർക്ക് ഇത് വളരെ എളുപ്പത്തിൽ മനസിലാകും. പ്രവാചകനാവട്ടെ, ദാർശനികനാവട്ടെ ഇരുവരും വർത്തമാനകാലത്തെ മറികടന്ന് വളരെ മുന്നിലേക്ക് നടന്നുകഴിഞ്ഞവരാണ്. പ്രവാചകന്റെ ജീവിതം ത്യാഗത്തിന്റേതും രക്തസാക്ഷിത്വത്തിന്റേതുമാണ്. എന്നാൽ ദാർശനികൻ തന്റെ വളർച്ചയും വളർച്ചയുടെ സ്വാഭാവികതയും തിരിച്ചറിയുന്ന വ്യക്തിയായി മാറുന്നു.

മതപരിഷ്കരണത്തിനിറങ്ങി പുതിയ മതം സ്ഥാപിച്ച് അവസാനിച്ചവരാണ് ലോകം കണ്ട എല്ലാ പ്രവാചകന്മാരും.

പരിഷ്കാര പ്രവർത്തനങ്ങൾ ദുഷ്കരമാണെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടപ്പോൾ അതിലുമെളുപ്പം പുതിയത് സൃഷ്ടിക്കുകയാണ് എന്ന തിരിച്ചറിവ് അവർക്കുണ്ടായി. എന്നാൽ, സത്യത്തിന്റെ പ്രബോധകരെല്ലാം മതപ്രബോധകരാണ് എന്നു കരുതുന്നത് മൗഢ്യമാണ്. മതപ്രബോധകനും ദാർശനികനും അപൂർവമായി ഒരു വ്യക്തിയിൽ ഒത്തുചേർന്ന വിചിത്രസംയോജനം സവിശേഷമായി പരിണമിച്ചപ്പോഴാണ് ശ്രീനാരായണ ഗുരുദേവൻ എന്ന മഹാമേരു യുഗപുരുഷനായി അവതാരമെടുത്തത്.

മതത്തിന്റെ കാര്യത്തിൽ ഗുരുദേവൻ മഹാ സ്വതന്ത്ര ചിന്തകനും തികഞ്ഞ യുക്തിവാദിയുമായിരുന്നു. വസ്‌ത്രധാരണത്തിലും ഭക്ഷണത്തിലും തികഞ്ഞ ലാളിത്യം പാലിച്ചിരുന്നു. ആദ്യകാലങ്ങളിൽ ഗുരു ധരിച്ചിരുന്നത് ശുദ്ധ വെള്ള വസ്‌ത്രമാണ്. ഉടുക്കാൻ മേൽമുണ്ടും ചെറിയ മേൽമുണ്ടും. ഗുരു കാഷായം ധരിക്കാൻ തുടങ്ങിയത് അവസാന കാലത്താണ്. കാഷായം വേണമെന്നോ പാടില്ലെന്നോ ഒരു നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

(തുടരും)