ചെന്നൈ: ജീവിതത്തില്‍ ഒരിക്കലെങ്കിലും ട്രെയിനില്‍ നിന്ന് ഭക്ഷണം കഴിക്കാത്ത യാത്രക്കാരുണ്ടാകില്ല. ട്രെയിനുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ റെയില്‍വേ വിതരണം ചെയ്യുന്ന ഭക്ഷണത്തെ സംബന്ധിച്ചുള്ള പരാതികള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ അത്രയും തന്നെ കാലപ്പഴക്കവുമുണ്ട്. ഇത്തരത്തില്‍ ട്രെയിനില്‍ വിളമ്പുന്ന ഭക്ഷണത്തെ സംബന്ധിച്ചുള്ള പരാതിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 500 ശതമാനം വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2022 മാര്‍ച്ച് മാസത്തിലെ ഔദ്യോഗിക കണക്ക് പരിശോധിച്ചാല്‍ മോശം ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട് ഐആര്‍സിടിസിക്ക് ലഭിച്ചത് 1192 പരാതികളാണ്. എന്നാല്‍ 2023 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ മോശം ഭക്ഷണം സംബന്ധിച്ചുള്ള പരാതികളുടെ എണ്ണം 6948ലേക്ക് ഉയര്‍ന്നിരിക്കുകയാണെന്ന് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. ഏറ്റവും രസകരമായ കാര്യം പരാതികള്‍ കൂടുതലുമെത്തുന്നത് പ്രീമിയം ട്രെയിനായ വന്ദേഭാരത്, രാജധാനി, തുരന്തോ തുടങ്ങിയ എക്‌സ്പ്രസുകളില്‍ നിന്നും ജനശതാബ്ദിയില്‍ നിന്നുമാണ്.
പരാതികളുടെ എണ്ണം പെരുകിയതോടെ നടപടികളിലേക്ക് കടക്കാന്‍ റെയില്‍വേ നിര്‍ബന്ധിതരായെങ്കിലും പ്രശ്‌നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. വിവിധ ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ കരാര്‍ ഏറ്റെടുത്തിട്ടുള്ള 68 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ കരാര്‍ റദ്ദാക്കിയുള്ള നടപടി സ്വീകരിച്ചതാകട്ടെ വെറും മൂന്ന് കമ്പനികള്‍ക്കെതിരെ മാത്രം.ഇന്ത്യന്‍ റെയില്‍വേക്ക് 1518 കാറ്ററിങ് കോണ്‍ട്രാക്ടുകളാണുള്ളത്.
പാചകംചെയ്യാന്‍ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഐ.ആര്‍.സി.ടി.സി.ക്ക് സംവിധാനങ്ങളില്ലെന്നും പാന്‍ട്രി കാറുള്ള ട്രെയിനുകളുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുവരുകയാണെന്നും വിവിധ പാസഞ്ചര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കരാര്‍ കമ്പനികള്‍ ഭക്ഷണം പാകം ചെയ്ത് അത് പാക്ക് ചെയ്ത് ട്രെയിനുകളില്‍ എത്തിക്കുകയും തുടര്‍ന്ന് യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നതുമാണ് ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നത്. ഭക്ഷ്യ സുരക്ഷാ വിഷയത്തില്‍ റെയില്‍വേ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.