റോം: ഇറ്റലിയിലെ സിസിലിക്ക് സമീപം കടലിൽ ആഡംബര ബോട്ട് മുങ്ങി കാണാതായ ബ്രിട്ടീഷ് കോടീശ്വരൻ മൈക്ക് ലിഞ്ച് അടക്കം ആറ് പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ലിഞ്ചിന്റെ മകൾ ഹന്ന, മോർഗൻ സ്റ്റാൻലി ബാങ്ക് ഇന്റർനാഷണലിന്റെ ചെയർമാൻ ജോനാഥൻ ബ്ലൂമർ, ഭാര്യ ജൂഡിത്ത് എന്നിവരും കാണാതായവരിൽ ഉൾപ്പെടുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മോശം കാലാവസ്ഥയെ തുടർന്ന് സിസിലിയിൽ നിന്ന് 700 മീറ്റർ അകലെ വച്ച് ബോട്ട് മുങ്ങിയത്. 'ബ്രിട്ടീഷ് ബിൽ ഗേറ്റ്സ് " എന്നാണ് ടെക് വ്യവസായി ആയ ലിഞ്ച് അറിയപ്പെടുന്നത്. 22 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം കണ്ടെത്തി. ലിഞ്ചിന്റെ ഭാര്യ ആഞ്ചല അടക്കം 15 പേരെ രക്ഷപെടുത്തി.