railway
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഉത്സവ സീസണിലെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് ബംഗളൂരുവില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. ഓണക്കാലത്തെ യാത്രക്കാരുടെ എണ്ണക്കൂടുതല്‍ മുന്നില്‍ക്കണ്ടാണ് തീരുമാനം. 25 സര്‍വീസുകളാണ് ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 18 വരെയുള്ള തീയതികളില്‍ നടത്തുക. ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) സ്‌റ്റേഷനിലേക്കാണ് സര്‍വീസ് നടത്തുകയെന്നാണ് വിവരം.

ബംഗളൂരു എസ്എംവിടി - തിരുവനന്തപുരം നോര്‍ത്ത് (ട്രെയിന്‍ നമ്പര്‍ 06239) രാത്രി ഒമ്പത് മണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 2.15ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസം 20, 22, 25, 27, സെപ്റ്റംബര്‍ മാസം 01, 03, 05, 08, 10, 12, 15, 17 തീയതികളിലാണ് ട്രെയിന്‍ കേരളത്തിലേക്ക് പുറപ്പെടുന്നത്.

തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) - എസ്എംവിടി ബംഗളൂരു (ട്രെയിന്‍ നമ്പര്‍ 06240) വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 10.30ന് ബംഗളൂരുവില്‍ തിരിച്ചെത്തും. ഓഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബര്‍ - 02, 04, 06, 09, 11, 13, 16, 18 എന്നീ ദിവസങ്ങളിലാകും കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്നത്.


തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് കായംകുളം, കോട്ടയം പാലക്കാട് വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. കേരളത്തില്‍ കൊല്ലം, കായംകുളം, മാവേലിക്കര,ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുണ്ടാകുക.