സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ള തന്റെ ഇന്‍സ്റ്റഗ്രാമിലെ സമൂഹമാദ്ധ്യമ അക്കൗണ്ടില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ലണ്ടനില്‍ വര്‍ഷങ്ങളോളം ഷെഫ് ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോള്‍ നാട്ടില്‍ തന്നെ സ്വന്തമായി റസ്‌റ്റോറന്റ് നടത്തുകയാണ്. റിയാലിറ്റി ഷോകളിലും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന അദ്ദേഹത്തിന്റെ പാചക വീഡിയോകള്‍ക്കും നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ റോഡരികിലെ ഒരു തട്ടുകടയില്‍ സുരേഷ് പിള്ള ദോശ ചുടുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
ദോശ ചുടുന്നതിന് ഒപ്പം തട്ടുകട നടത്തുന്ന ചേച്ചിമാരെ അദ്ദേഹം പരിചയപ്പെടുത്തുന്നുമുണ്ട്. ദോശ ചുട്ട് പ്ലേറ്റിലേക്ക് ഇട്ട് കൊടുക്കുന്നത് കണ്ട് ഇത് തന്റെ കടയാണെന്ന് തോന്നിയേക്കാമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. കൊട്ടാരക്കരയിലേക്ക് പോകുന്ന വഴി, കുമരകത്ത് കൈപ്പുഴയിലാണ് ഈ തട്ടുകട ഉള്ളത്. രാത്രി ഭക്ഷണം കഴിച്ചതാണെങ്കിലും കട കണ്ടപ്പോള്‍ കയറിയതാണ് ഇവിടെ. കട നടത്തുന്നവര്‍ക്ക് ആരാണ് വന്നതെന്ന് മനസിലായിട്ടില്ല എന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നു.
രാവിലെ ഏഴു മണി മുതല്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ കട. പതിമൂന്ന് വര്‍ഷമായി കട തുടങ്ങിയിട്ട്. ദോശ, സാമ്പാര്‍, ഓംലറ്റ്, ചായ തുടങ്ങിയവയാണ് ഇവിടെ എപ്പോഴും കിട്ടുന്ന പ്രധാന വിഭവങ്ങള്‍. സുരേഷ് പിള്ളയും സംഘവും എത്തിയപ്പോഴേക്കും, കോഴി, താറാവ്, ബീഫ് ഒക്കെ ഉണ്ടായിരുന്നെങ്കിലും അത് തീര്‍ന്നുപോയി. മിനി, സിനി എന്നിവര്‍ നടത്തുന്ന ഈ കടയില്‍ കയറി ഭക്ഷണം കഴിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുന്നുമുണ്ട്.