കോട്ടയം : പ്രതികൂല കാലാവസ്ഥയില്‍ നാടന്‍ ഏത്തക്കുലകളുടെ ഉത്പാദനത്തിലുണ്ടായ കുറവു മൂലം ഓണവിപണി കീഴടക്കാന്‍ തമിഴ്നാടന്‍ ഏത്തക്കുലകള്‍. ശര്‍ക്കര വരട്ടി, ഉപ്പേരി തുടങ്ങിയ തയ്യാറാക്കാന്‍ നാടന്‍ കായ്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. കനത്തമഴയിലും, വേനലിലും ഏത്തവാഴ കൃഷി നശിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ചില്ലറ വില്പന ശാലകളില്‍ 75 രൂപ വരെയാണ് ഏത്തക്കായ വില. ഒന്നര മാസം മുന്‍പ് 45 രൂപയായിരുന്നു.
വരും ദിവസങ്ങളില്‍ വില ഉയരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. കര്‍ഷകര്‍ നാടന്‍ ഏത്തക്കുല കൊടുത്താല്‍ കിട്ടുന്നതാകട്ടെ 35 ല്‍ താഴെയാണ്. ചുരുക്കത്തില്‍ കൃഷിച്ചെലവ് കണക്കാക്കിയാല്‍ കര്‍ഷകര്‍ക്ക് ഭാരിച്ച നഷ്ടമാണ്. മഴയില്‍ നശിക്കുന്നതിന് മുന്‍പ് പാതി വിളവെത്തിയ കുലകള്‍ കന്നുകാലികള്‍ക്കു തീറ്റയായി നല്കുകയാണു പലരും ചെയ്തത്.
മടുത്തു, ഇനിയെന്തിന് കൃഷി
നെടുംകുന്നം, കറുകച്ചാല്‍ മേഖലകളിലാണ് നാടന്‍ ഏത്തവാഴ കൃഷി വ്യാപകമായുണ്ടായിരുന്നത്. 100 ലധികം കര്‍ഷകര്‍ ഇപ്പോഴും കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഏത്തക്കുലയ്ക്ക് ഉണ്ടായ വിലയിടിവ് മൂലം ഇത്തവണ പല കര്‍ഷകരും കൃഷി ഇറക്കിയില്ല. പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിന്‍വലിഞ്ഞു. 5 രൂപ വരെ ഇലകള്‍ക്ക് ലഭിച്ചിരുന്നു. ഹോട്ടലുകളിലും കല്ല്യാണ സദ്യയ്ക്കും മറ്റും വാഴയില ആവശ്യമാണ്. എന്നാല്‍, തമിഴ്നാട്ടില്‍നിന്ന് ലോഡുകണക്കിന് വാഴയില വ്യാപകമായി വന്ന് തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
പ്രതീക്ഷ കൈവിടാതെ
ഓണവിപണി മുന്നില്‍ക്കണ്ട് കൃഷിയിറക്കിയിരുന്ന പ്രാദേശിക കര്‍ഷകര്‍ വിളവെടുപ്പാരംഭിച്ചു. ഓണം അടുക്കുന്നതോടെ മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിരവധിപ്പേര്‍. ഗ്രാമച്ചന്തകളും കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റുകളും ആരംഭിച്ച് വിപണന സാദ്ധ്യത പ്രയോജനപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
''വേനല്‍ച്ചൂടില്‍ വാഴകളുടെ ഇലകരിഞ്ഞുപോകുന്ന സ്ഥിതി ഏറെ പ്രയാസപ്പെട്ടാണ് മറികടന്നത്. ഇതിനിടെയാണ് കനത്തമഴയെത്തിയത്. ഇതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. നിരവധി കര്‍ഷകരുടെ വാഴക്കൃഷി നശിച്ചു. - സുരേഷ്, കറുകച്ചാല്‍