തിരുവനന്തപുരം: സംസ്ഥാനത്ത് തലസ്ഥാനത്തടക്കം വിവിധ ജില്ലകളിൽ വ്യാപക മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇന്നലെ രാത്രി തലസ്ഥാനത്തുണ്ടായ ശക്തമായ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു.
ഇന്നലെ രാത്രി വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊച്ചിയിൽ അസാധാരണമായ വേഗത്തിൽ കാറ്റുവീശിയതിൽ ട്രാക്കിലേയ്ക്ക് മരം വീണ് റെയിൽ ഗതാഗതം തടസപ്പെട്ടു, ഓച്ചിറയിലും തകഴിയിലും മരം വീണതായാണ് വിവരം. ഇതേത്തുടർന്ന് പാലരുവി എക്‌സ്‌പ്രസും ആലപ്പുഴവഴി പോകേണ്ട ഏറനാട് എക്‌സ്‌പ്രസും പിടിച്ചിട്ടു. രാവിലെ ഏഴോടെ മരം മുറിച്ച് മാറ്റിയതിനുശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.
ആലപ്പുഴയിൽ ശക്തമായ കാറ്റിൽ കരുമാടി, പുറക്കാട് മേഖലകളിൽ മരം വീണു. ഹരിപ്പാട്, മണ്ണഞ്ചേരി, പാതിരപ്പള്ളി, ചേർത്തല, തിരുവിഴ, ചെങ്ങന്നൂർ, മുളക്കുഴ, ചെറിയനാട് എന്നിവിടങ്ങളിലും മരം വീണു. ഇതിനെത്തുടർന്ന് ചില വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു.
ചെറിയനാട് കടയ്ക്ക് മുകളിൽ മരംവീണ് നാശനഷ്ടമുണ്ടായി. കായംകുളം കൊറ്റക്കുളങ്ങരയിൽ വീടിനുമുകളിൽ മരം വീണു. കൊല്ലത്ത് തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശിയിരുന്നു. ഹാർബറിൽ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി.
കോട്ടയത്ത് ശക്തമായ കാറ്റിൽ മരംവീണ് വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. പള്ളം ബുക്കാന പുതുവലിൽ മരംവീണ് വീട് ഭാഗികമായി തകർന്നു. പള്ളം, പുതുപ്പള്ളി, എംജി സർവകലാശാല ഭാഗങ്ങളിലാണ് മരം കടപുഴകി വീണത്. കോട്ടയം കെഎസ്‌ആർടിസി ഡിപ്പോ പരിസരത്ത് മരംവീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി, പത്തനംതിട്ട പന്തളം ചേരിക്കലിൽ മരംവീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു.
തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. വടക്കൻ തമിഴ്‌നാടിനും തെക്കൻ ആന്ധ്രാ പ്രദേശിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മദ്ധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ 0 .9 കിലോമീറ്റർ ഉയരത്തിലായി ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.