arathi

കൊച്ചി: ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കിയതായി വിവരം. എറണാകുളം കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതിയെയാണ് (31) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

ആരതി ഓൺലൈനിലൂടെ ലോൺ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണ് മരണകാരണമെന്നും ഫോൺ രേഖകളിൽ സൂചനയുണ്ട്. ഭർത്താവ് അനീഷ് രണ്ടുമാസം മുൻപാണ് ജോലിക്കായി സൗദി അറേബ്യയിലേയ്ക്ക് പോയത്. മക്കൾ: ദേവദത്ത്, ദേവസൂര്യ. മരണത്തിൽ കുറുപ്പംപടി പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി.

കഴിഞ്ഞവർഷം ലോൺ ആപ്പിന്റെ ഭീഷണിയെത്തുടർന്ന് കടമക്കുടി സ്വദേശി നിജോയും (40), ഭാര്യ ശില്പയും രണ്ടുമക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയിരുന്നു. വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തിരുന്നു. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്.

എറണാകുളം സ്വദേശിയായ വീട്ടമ്മ മൊബൈൽ ആപ്പ് വഴി ലോണെടുത്തത് 5,000 രൂപ. ഒരുമാസ കാലാവധിക്കുള്ളിൽ തിരിച്ചടച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ ആപ്പിൽ നിന്നു ലഭിച്ച മെസേജ് കണ്ട് വീട്ടമ്മ ഞെട്ടി. തിരിച്ചടച്ചില്ലെങ്കിൽ നഗ്നചിത്രം പുറത്തുവിടുമെന്നായിരുന്നു ഭീഷണി. നിയമസഹായം തേടിയപ്പോഴാണ് സമാന കെണിയിൽപ്പെട്ട നൂറുകണക്കിന് സ്ത്രീകളിൽ ഒരാൾ മാത്രമാണ് താനെന്ന കാര്യം വീട്ടമ്മ തിരിച്ചറിഞ്ഞത്.

ചൈനീസ് ബന്ധമുള്ള കമ്പനികളാണ് വ്യാജ ലോൺ ആപ്പുകൾക്കു പിന്നിൽ. ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിലൂടെ അവരെ പറ്റിച്ചും വിഹിതം നൽകിയുമാണ് വായ്പാപണം ഇത്തരം കമ്പനികൾ കൈമാറുന്നത്. സാധാരണക്കാരാണ് പലപ്പോഴും കെണിയിൽ വീഴുന്നത്.