nanda-pavan-kumar

കൈകളുയർത്താതെ ധരിക്കാവുന്ന കുർത്തിയും നൈറ്റിയും ബ്ളൗസും, ഉൾപ്പാവാടയിൽ ചേർത്ത് ചുറ്റിയ സാരി-സ്തനാർബുദ ബാധിതർക്ക് വേദനയില്ലാതെ വസ്ത്രമണിയാൻ ഇരുപത്തിരണ്ടുകാരി നന്ദ പവൻകുമാർ ഒരുക്കിയ ഡിസൈനുകൾ ശ്രദ്ധേയമാകുന്നു. ആറു വർഷം മുൻപ് ഓർമ്മയായ അമ്മ സിന്ധു പവൻകുമാറിന്റെ വേദനകളാണ് സ്തനാർബുദ ബാധിതർക്കായി പ്രത്യേക വസ്ത്രമൊരുക്കണമെന്ന ചിന്ത നന്ദയിലുണ്ടാക്കിയത്. വർക്കല ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായിരുന്നു സിന്ധു. കോളേജ് ഒഫ് ആർക്കിടെക്‌ചർ ട്രിവാൻഡ്രത്തിൽ നിന്ന് ഡിസൈനിൽ ബിരുദധാരിയാണ് നന്ദ.

കൈ സ്വതന്ത്രമായി ചലിപ്പിക്കാനാകാത്തതാണ് സ്തനാർബുദ രോഗികൾക്ക് വസ്ത്രധാരണം ബുദ്ധിമുട്ടാകുന്നത്. അമ്മ നേരിട്ട ഈ ബുദ്ധിമുട്ട് നന്ദയെ വേദനിപ്പിച്ചിരുന്നു. വേദനയെ പേടിച്ച് ശീലമില്ലാത്ത ടീഷർട്ടും പാവാടയുമെല്ലാം അമ്മ വിഷമത്തോടെ തിരഞ്ഞെടുത്തതും നൊമ്പരമായി. തുടർന്ന് അർബുദബാധിതരായ നിരവധി പേരെ നന്ദ സമീപിച്ചു. അവരും ഇതേ വേദന പങ്കുവച്ചു.

അമ്പത് വയസുകഴിഞ്ഞ സ്ത്രീകൾക്ക് രോഗം കാരണം വസ്ത്രധാരണരീതി മാറ്റുന്നത് മാനസിക ബുദ്ധിമുട്ടുമുണ്ടാക്കും. ഓൺലൈനിൽ ലഭിക്കുന്ന വസ്ത്രങ്ങൾ പ്രത്യേക ഗ്രൂപ്പിനുള്ളതെന്ന് തിരിച്ചറിയാനുമാകും. അമ്മയുടെ ഓർമ്മകളാണ് ബിരുദപഠനത്തിന്റെ തീസിസിനായി 'അഡാപ്‌റ്റീവ് അപ്പാരൽ ഫോർ ബ്രസ്റ്റ് ക്യാൻസർ പേഷ്യന്റ്സ്" എന്ന വിഷയം തിരഞ്ഞെടുക്കാൻ കാരണം. മദ്ധ്യപ്രദേശുകാരനായ അദ്ധ്യാപകൻ ഡോ. ചൈതന്യ സോളങ്കിയാണ് ഗൈഡ്.

ഫ്ളൂയിഡ് ബാഗ് അനായാസം മാറ്റാം

ചികിത്സയിലുള്ളവർക്ക് സ്തനത്തോട് ചേർന്നിരിക്കുന്ന ഫ്ളൂയിഡ് ബാഗ് അനായാസം നീക്കാവുന്ന തരത്തിലാണ് നന്ദയുടെ ഡിസൈനുകൾ. കൈകൾക്ക് നീരുവയ്ക്കുന്ന ലിംഫ് എഡിമ അവസ്ഥയുള്ളവർക്കും സൗകര്യപ്രദം. ഓൺലൈനിൽ ലഭിക്കുന്ന വസ്ത്രങ്ങൾക്ക് നാലായിരം രൂപ വരെയാണ് വില. കോട്ടണിലാണ് നന്ദ വസ്ത്രങ്ങൾ തയ്യാറാക്കുന്നത്. സാധാരണക്കാർക്ക് ആശ്വാസമാകുന്ന നന്ദയുടെ ഡിസൈനിലുള്ള വസ്ത്രങ്ങൾ വൈകാതെ വിപണിയിലെത്തും. ദോഹ ഹിറ്റാച്ചിയിൽ അക്കൗണ്ട് മാനേജറായ കെ.വി. പവൻകുമാറാണ് നന്ദയുടെ പിതാവ്. സഹോദരി ശില്പ പവൻകുമാർ ദോഹ അൽമന ഗ്രൂപ്പിൽ അക്കൗണ്ടന്റാണ്.