തിരുവനന്തപുരം: ഓൺലൈൻ ലോൺ തട്ടിപ്പിന്റെ നീരാളിപ്പിടിത്തത്തിൽ ഒരു വിലപ്പെട്ട ജീവൻ കൂടി നഷ്ടമായിരിക്കുന്നു. എറണാകുളം കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതിയെയാണ് (31) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആരതി ഓൺലൈനിലൂടെ ലോൺ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണ് മരണകാരണമെന്നും ഫോൺ രേഖകളിൽ സൂചനയുണ്ട്. സ്മാർട്ട് ഫോൺ, നെറ്റ് ഉപയോഗം വ്യാപകമായതോടെ ഓൺലൈൻ തട്ടിപ്പും വ്യാപകമാവുകയാണ്. ഓരോദിവസവും പുതിയ പുതിയ രീതികളാണ് തട്ടിപ്പുകാർ പരീക്ഷിക്കുന്നത്. ഓണക്കാലമായതോടെ ഇത് വ്യാപകമായിട്ടുണ്ട്. ആഘോഷങ്ങൾ അടിപൊളിയാക്കുന്ന മലയാളികളുടെ ശീലം പരമാവധി മുതലാക്കുകയാണ് തട്ടിപ്പുകാർ. നമ്മൾ ചെയുന്ന ചെറിയൊരു അശ്രദ്ധയിലൂടെ ഒരു പക്ഷേ നമ്മുടെ ജീവിതം തന്നെയാവും നഷ്ടപ്പെടുക.
മാളുകളിലും ഷാേപ്പുകളിലും ഫോൺ നമ്പർ നൽകാറുണ്ടോ?
ഒട്ടുമിക്ക മാളുകളിലും ഷോപ്പുകളിലും റസ്റ്റോറന്റുകളിലും പണം നൽകുമ്പോൾ നമ്മുടെ ഫോൺ നമ്പർ ചോദിക്കാറുണ്ട്. കൗണ്ടറിൽ നിൽക്കുന്ന ആൾ നമ്പർ ചോദിക്കുന്നു; ഒരു ബുദ്ധിമുട്ടും കൂടാതെ നമ്മൾ അത് പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. എന്തിനാണ് ഇങ്ങനെ ഫോൺ നമ്പർ വാങ്ങുന്നതെന്ന് ഒരിക്കലെങ്കിലും നിങ്ങൾ കൗണ്ടറിൽ നിൽക്കുന്ന ആളോട് ചോദിച്ചിട്ടുണ്ടോ? ഇനി ചോദിച്ചാലും വ്യക്തമായ ഉത്തരം നൽകാൻ അയാൾക്ക് കഴിയണമെന്നില്ല. മുകളിൽ നിന്നുള്ള ഉത്തരവ് അയാൾ നടപ്പാക്കുന്നു എന്നുമാത്രം. ഷോപ്പിംഗ് മാളുകളും മറ്റും അവരുടെ ഡാറ്റാ ബേസ് നിർമ്മിക്കുന്നതിനാണ് ഇങ്ങനെ ഉപഭോക്താക്കളുടെ ഫോൺനമ്പർ ശേഖരിക്കുന്നത്.
എന്നാൽ മാളുകളിലും റസ്റ്റോറന്റുകളിലും ഒരു കാരണവശാലും ഫോൺ നമ്പർ നൽകേണ്ടെന്നാണ് പൂനെയിലെ സപ്ലൈ ഓഫീസ് പറയുന്നത്. ഓൺലൈൻ തട്ടിപ്പുകൾ സർവവ്യാപിയായതോടെയാണ് ജനങ്ങളെ ബോധവൽക്കരിക്കാൻ ഇത്തരത്തിലൊരു മുന്നറിയിപ്പുമായി അധികൃതർ എത്തിയിരിക്കുന്നത്. ഫോൺനമ്പർ ചോദിക്കുമ്പോൾ മിക്കവരും നൽകുന്നത് ബാങ്കുമായോ, യുപിഐ അക്കൗണ്ടുമായി ലിങ്കുചെയ്ത ഫോൺ നമ്പർ ആകാം. ഇതാണ് ഏറെ പ്രശ്നം. നമ്മൾ നൽകുന്ന നമ്പരുകൾ മൂന്നാമതൊരു കക്ഷിക്ക് കിട്ടുന്നില്ലെന്ന് ഒരു ഉറപ്പും ഇല്ല. ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് എളുപ്പത്തിൽ ഫോൺ നമ്പരുകൾ കൈക്കലാക്കാൻ കഴിയും. ഈ നമ്പരുകൾ തട്ടിപ്പുകാരുടെ കൈയിൽ കിട്ടിയാലുള്ള കാര്യം പറയേണ്ടല്ലോ?.
ശിക്ഷയുണ്ട്, പിഴയും
ഉപഭോക്താക്കളുടെ ഫാേൺനമ്പരുകൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ മൂന്നാമതൊരാളുമായി പങ്കിടുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ക്രിമിനൽ കുറ്റമാണ്. കുറ്റം തെളിഞ്ഞാൽ മൂന്നുവർഷം തടവോ അഞ്ചുലക്ഷം രൂപ പിഴയോ ലഭിച്ചേക്കാം. പക്ഷേ മൂന്നാമതൊരു കക്ഷിക്ക് ഫോൺനമ്പരുകൾ നൽകുന്നത് ആരും അറിയാറില്ലെന്നതാണ് സത്യം. പ്രത്യേകിച്ചും 'ടെക്നോളജി സാക്ഷരത' ഇല്ലാത്തവർ.
ഓണമല്ലേ, സൂക്ഷിച്ചോളൂ
ഓണക്കാലമാണ് ശരിക്കും തട്ടിപ്പുകാരുടെ ചാകരക്കാലവും. തീരെ കുറഞ്ഞ ചെലവിൽ സിംഗപ്പൂരിലേക്ക് പത്തുദിവസത്തെ ടൂർ പാക്കേജ്, ഗിഫ്റ്റ് വൗച്ചർ ഇവ നേടണമെങ്കിൽ ലിങ്കിൽ ഒന്ന് ക്ളിക്ക് ചെയ്താൽ മാത്രം മതി. ഇത്തരത്തിലുള്ള ഒരു എസ്എംഎസെങ്കിലും ഇതിനകം നിങ്ങളുടെ ഫോണിൽ എത്തിയിരിക്കും. വാട്സാപ്പിലൂടെയും ടെലിഗ്രാമിലൂടെയുമായിരിക്കും ഇത്തരത്തിലുള്ള ലിങ്കുകൾ ഏറെയും എത്തുന്നത്. തട്ടിപ്പിന്റെ ഏറ്റവും പുതിയ വേർഷൻ എന്നുപറയാനാവില്ലെങ്കിലും അധികം പഴക്കമില്ലാത്ത വേർഷനാണിത്. സ്ത്രീകളും അമ്പത് വയസിനുമുകളിൽ പ്രായമുള്ളവരുമാണ് ഇതിന് ഇരകളാകുന്നതിൽ ഏറെയും.
ഒറ്റനോട്ടത്തിൽ പ്രമുഖ കമ്പനികളുടേത് എന്നു താേന്നിക്കുന്ന രീതിയിലാവും തട്ടിപ്പുസന്ദേശങ്ങളുടെ കെട്ടും മട്ടും. അക്ഷരങ്ങളിൽ ചെറിയവ്യത്യാസമുണ്ടാവും. എന്നാൽ അതാരും ശ്രദ്ധിക്കില്ല. വീട്ടുപകരണങ്ങൾ 50 ശതമാനം വരെ വിലക്കിഴിവിൽ നൽകുന്ന ഡിസ്കൗണ്ട് തട്ടിപ്പുകളുമുണ്ട്. നാണക്കേടോർത്ത് പലരും ചതി പുറത്ത് പറയാറില്ല.
ഓണം ബമ്പറിലും വ്യാജൻ
25 കോടി ഒന്നാം സമ്മാനത്തുകയുള്ള ഓണം ബമ്പറിന്റെ വ്യാജനാണ് ഓൺലൈനിലൂടെ വിറ്റഴിച്ച് തട്ടിപ്പ് നടത്തുന്നത്. കേരള ലോട്ടറി പേപ്പർ രൂപത്തിൽ മാത്രമേ പുറത്തിറക്കുന്നുള്ളൂ. ഓൺലൈൻ വില്പനയില്ല. എന്നിട്ടും ഉപഭോക്താക്കളെ കബളിപ്പിച്ചാണ് വ്യാജന്റെ വിളയാട്ടം. സംസ്ഥാനത്ത് ഓൺലൈൻ ചൂതാട്ടം നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പ് യഥേഷ്ടം നടക്കുന്നു.
കേരള ലോട്ടറി, കേരള മെഗാ മില്യൺ ലോട്ടറി എന്നീ പേരുകളിൽ ആപ്പ് തയ്യാറാക്കിയാണ് തട്ടിപ്പ്. പത്തുലക്ഷത്തിലധികം പേർ ഇതിനകം ആപ്പ് ഡൗൺലോഡ് ചെയ്തു എന്നാണ് വിവരം. ഇഷ്ടമുള്ള നമ്പർ നൽകിയാൽ അതനുസരിച്ച് ടിക്കറ്റ് നൽകിയാണ് തട്ടിപ്പ്. 25 ടിക്കറ്റുവരെ ഒറ്റക്ലിക്കിൽ എടുക്കാമെന്ന വാഗ്ദാനവുമുണ്ട്. ഓണം ബമ്പറിന്റെ വിലയായ അഞ്ഞൂറു രൂപയാണ് ഒരു ടിക്കറ്റിന് ഓൺലൈൻ വ്യാജനും ഈടാക്കുന്നത്. ഓൺലൈൻ ലോട്ടറി അടിച്ചാൽ നികുതിപിടിക്കാതെ മുഴുവൻ പണവും നേരിട്ട് അക്കൗണ്ടിൽ ഉടൻ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം.
പത്തുലക്ഷത്തിലധികം പേർ തട്ടിപ്പ് ആപ്പ് ഡൗൺലോഡ് ചെയ്തതാണ് തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമെന്ന് വ്യക്തമാക്കുന്നത്. സങ്കേതിക വിദ്യയിൽ ഉൾപ്പെടെ മുന്നിൽ എന്ന് അവകാശപ്പെടുന്ന മലയാളികളാണ് ഇതിൽ ഭൂരിപക്ഷവും എന്നതാണ് ഏറെ അത്ഭുതകരം. പെട്ടെന്ന് പണക്കാരനാകണം, അടിച്ചുപൊളിക്കണം എന്നുള്ള മലയാളിയുടെ അത്യാഗ്രഹം തന്നെയാണ് ഇതിന് കാരണം എന്നത് വ്യക്തമാണ്.
ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കൂ
സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്.
ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.
ബാങ്ക് അക്കൗണ്ടുമായി ലിങ്കുചെയ്തിരിക്കുന്ന ഫോൺനമ്പരുകൾ ആർക്കും നൽകരുത്.
ചതിയിൽ പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കുക.