ഹേമ കമ്മിറ്റി റിപ്പോർട്ടും മലയാള സിനിമയുമാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം നിറഞ്ഞുനിൽക്കുന്ന ചർച്ചാവിഷയം. അതീവ ഗൗരവകരമായ റിപ്പോർട്ടിൽ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സ്ത്രീവിരുദ്ധതയെ കുറിച്ചും തൊഴിൽ നിഷേധത്തെ കുറിച്ചുമാണ് വിശദമാക്കിയിട്ടുള്ളത്. 15 അംഗ പവർ ഗ്രൂപ്പാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നതെന്നും പ്രധാന വിമർശനമായി റിപ്പോർട്ടിൽ ഹേമ കമ്മിഷൻ വ്യക്തമാക്കുന്നു.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൊതുസമൂഹത്തിൽ നിന്ന് വ്യാപകമായ അമർഷമാണ് സിനിമാ താരങ്ങൾക്കെതിരെ ഉയർന്നുവന്നിട്ടുള്ളത്; പ്രത്യേകിച്ച് അമ്മ സംഘടനയ്‌ക്കെതിരെ. വർഷങ്ങൾക്ക് മുമ്പ് നടൻ തിലകൻ നടത്തിയ ഒറ്റയാൾ പോരാട്ടെ പ്രശംസിച്ചുകൊണ്ടായിരുന്നു പലരുടേയും കമന്റ്.
അച്ഛനെതിരെ പ്രവർത്തിച്ചവരെ വിമർശിച്ച് തിലകന്റെ മകൾ സോണിയ തിലകനും രംഗത്തെത്തിയതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്. തിലകന്റെ മരണശേഷം തനിക്ക് പോലും നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ചും സോണിയ വെളിപ്പടുത്തുകയുണ്ടായി.
നടൻ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് തിലകൻ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. 25 വർഷങ്ങൾക്ക് മുമ്പ് മദ്രാസിൽ വച്ചാണ് ശ്രീനാഥിനെ പരിചയപ്പെടുന്നതെന്നും, ശ്രീനാഥ് മരിക്കുന്നതിന് രണ്ടാഴ്‌ച മുമ്പ് തന്റെ മകന്റെ കുട്ടിയുടെ ഒന്നാം പിറന്നാളിന് വീട്ടിൽ വന്നിരുന്ന കാര്യവും തിലകൻ ഓർത്തു. അന്ന് തന്റെ മുന്നിലേക്ക് ശ്രീനാഥ് വന്നില്ല. കാരണം തിരക്കിയപ്പോൾ തിലകൻ ചേട്ടനെ ഫേസ് ചെയ്യാനുള്ള മടി കാരണമാണെന്ന് പറഞ്ഞു. അമ്മ സംഘടന തിലകനെ വിലക്കിയ സമയമായിരുന്നു അത്. ശ്രീനാഥിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് പലരും തന്നോട് പറഞ്ഞതായും തിലകൻ വീഡിയോയിൽ പറയുന്നുണ്ട്.
അന്നത്തെ സാംസ്‌കാരി മന്ത്രിയോട് പരാതി പറഞ്ഞിരുന്നു. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ വിളിച്ചു പറഞ്ഞ് പരിഹാരമുണ്ടാക്കാമെന്നാണ് ആ സാംസ്‌കാരിക മന്ത്രി തനിക്ക് വാക്കു തന്നതെന്ന് തിലകൻ പറയുന്നുണ്ട്. എന്നാൽ പിന്നീട് ഒന്നും നടന്നിട്ടില്ലെന്നും തിലകന്റെ വാക്കുകളിലുണ്ട്.