kochi

കൊച്ചി: സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് ഒക്ടോബറിൽ കൊച്ചിയിൽ ആരംഭിക്കും. ഗുണനിലവാരവും വൃത്തിയുമുള്ള വഴിയോര ഭക്ഷണ ശാലകളിൽ നിന്ന് ഇനി കൊച്ചിക്കാർക്ക് കഴിക്കാം.സംസ്ഥാനത്തെ പ്രഥമ സ്കൂൾ ഒളിമ്പിക്ല് കൊച്ചിയിൽ നടക്കാനിരിക്കെ ഫുഡ് സ്ട്രീറ്റ് അവരെ ആകർഷിക്കുകയും ചെയ്യും.നവംബറിലാണ് സ്കൂൾ ഒളിമ്പിക്സ് നടക്കുക. നിലവിൽ ഓടകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

വിശാലകൊച്ചി വികസന അതോറിട്ടിയാണ് (ജി.സി.ഡി.എ) പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾക്ക് രാത്രി കാലങ്ങളിൽ ഇവിടെ സമയം ചെലവഴിക്കാനാവും.

തേവരയ്ക്കടുത്ത് കസ്തൂർബ നഗറിലാണ് ആദ്യ ഫുഡ് സ്ട്രീറ്റിന് തുടങ്ങുക. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് മേൽനോട്ടച്ചുമതല.രാജ്യത്തെ 100 കേന്ദ്രങ്ങളിൽ ഫുഡ് സ്ട്രീറ്റ് ആരംഭിക്കുന്ന കേന്ദ്രപദ്ധതിയാണിത്. വൃത്തിയും സുരക്ഷിതവുമായ ഭക്ഷണം വിളമ്പുകയാണ് ലക്ഷ്യം. സ്ഥലത്തെ ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. ട്രാൻസ്ഫോ‌ർമറുകളും കേബിളുകളും മാറ്റി സ്ഥാപിച്ചു.

നിലവാരം ഉറപ്പാക്കും

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകും. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്.

ഫുഡ് സ്ട്രീറ്റ്

10000 ചതുരശ്ര അടിയിലാണ് ഫുഡ്‌സ്ട്രീറ്റ് നിർമ്മിക്കുക. 20 ബങ്കുകളുമുണ്ടാകും. ഓപ്പൺ ഡൈനിംഗ് ഏരിയ, വാഷ് ഏരിയ, 5000 സ്ക്വയർ ഫീറ്റിൽ പാർക്കിംഗ് സ്ഥലം, നടവഴികൾ, കാർ പാർക്കിംഗ്, ലാൻഡ്‌ സ്‌കേപ്പിംഗ്, ഖരമാലിന്യ സംസ്‌കരണ സൗകര്യം, ഡ്രെയിനേജ് എന്നിവയുണ്ടാകും. വൈകിട്ട് മുതൽ പുലർച്ചെ വരെയാകും പ്രവർത്തന സമയം. കലാ വിനോദ പരിപാടികളും നടത്താം.

ഫുഡ്‌സ്ട്രീറ്റിന്റെ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ഒക്ടോബറിൽ തന്നെ ഉദ്ഘാടനം ചെയ്യുകയാണ് ലക്ഷ്യം.

ജി.സി.ഡി.എ അധികൃതർ