surgery

വാഷിംഗ്‌‌ടൺ: പരിശോധനയ്ക്കിടെ തലയോട്ടിയുടെ ഒരു ഭാഗം നഷ്ടമായെന്നാരോപിച്ച് യുഎസ് അറ്റ്‌ലാന്റയിലെ ആശുപത്രിക്കെതിരെ നിയമനടപടിയുമായി യുവാവ്. ഫെർണാണ്ടോ ക്ളസ്‌റ്റർ എന്ന യുവാവാണ് ആശുപത്രിക്കെതിരെ പരാതി നൽകിയത്. 2022 സെപ്‌തംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്നാണ് ഫെർണാണ്ടോ അറ്റ്‌ലാന്റയിലെ ഇമോറി സർവകലാശാല ആശുപത്രിയിലെത്തിയത്. തലച്ചോറിലെ സമ്മർദ്ദം കുറയ്ക്കാൻ തലയോട്ടിയിൽ നിന്ന് ആറിഞ്ചോളം നീക്കം ചെയ്യണമെന്ന് ഡോക്‌ടർമാർ നിർദേശിച്ചു. തുടർന്ന് തലയോട്ടിയിൽ നിന്ന് നീക്കം ചെയ്ത് ഭാഗം തിരികെ വയ്ക്കാൻ രണ്ടുമാസത്തിനുശേഷം ആശുപത്രിയിലെത്തിയപ്പോഴാണ് കാണാനില്ലെന്ന് ജീവനക്കാർ അറിയിക്കുന്നത്. എല്ലിന്റെ ഭാഗങ്ങൾ സൂക്ഷിക്കുന്ന ഫ്രീസറിൽ പരിശോധിച്ചപ്പോൾ ഫെർണാണ്ടോയുടെ തലയോട്ടിയുടെ ഭാഗം കണ്ടെത്താനായില്ലെന്നായിരുന്നു ആശുപത്രി നൽകിയ വിശദീകരണം.

ഇതേത്തുടർന്ന് ഫെർണാണ്ടോയുടെ ശസ്ത്രക്രിയ മാറ്റിവച്ചു. ഇതിനിടെ തലയോട്ടിയുടെ നഷ്മായ ഭാഗത്തുവയ്ക്കാൻ കൃത്രിമമായ ഒരു കഷ്ണം ആശുപത്രി ജീവനക്കാർ തയ്യാറാക്കി. 2022 നവംബർ അവസാനത്തോടെ രോഗിയിൽ ഇത് വച്ചുപിടിപ്പിക്കുകയും ചെയ്തു. എന്നാൽ കൃത്രിമ തലയോട്ടി നിർമിക്കാൻ ആവശ്യമായ തുകയായ 19,000 ഡോളർ ആശുപത്രി അധികൃതർ ഫെർണാണ്ടോയിൽ നിന്ന് ഇടാക്കുകയും ചെയ്തു.

കൂടാതെ ശസ്ത്രക്രിയയ്ക്ക് ശേഷവും ഫെർണാണ്ടോ അനേകം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു. കൃത്രിമ തലയോട്ടി ഘടിപ്പിച്ചതിന് പിന്നാലെ അണുബാധയുണ്ടായതിനെത്തുടർന്ന് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. മാസങ്ങളോളം ജോലിക്ക് പോകാനായില്ല. 1,46800 ഡോളർ ആണ് ഫെർണാണ്ടോയ്ക്ക് ചികിത്സയ്ക്കായി ചെലവായത്. എന്നാൽ ആശുപത്രി ഇളവുകൾ ഒന്നും നൽകിയില്ലെന്ന് ഫെർണാണ്ടോയും കുടുംബവും പറയുന്നു.