തിരുവിതാംകൂറിന്റെ റീജന്റ് മഹാറാണി ആയിരുന്ന സേതു ലക്ഷ്മിബായിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗാന്ധിജി 'യംഗ് ഇന്ത്യ"യിൽ എഴുതി: 'തിരുവിതാംകൂറിൽ ഞാൻ കണ്ടത് ഭാരതീയ സ്ത്രീത്വത്തിന്റെ മാതൃകയാണ്!" വൈക്കം സത്യഗ്രഹ പ്രക്ഷോഭത്തിന് അറുതി വരുത്തി, ക്ഷേത്രത്തിലേക്കുള്ള നടവഴികൾ എല്ലാവർക്കുമായി തുറന്നിടുകയും, ദേവദാസി സമ്പ്രദായം നിരോധിക്കുകയും,മരുമക്കത്തായം അവസാനിപ്പിക്കുകയും ചെയ്ത വിപ്ളവകരമായ രാജശാസനങ്ങളിലെ നായിക റീജന്റ് പദവിയിലെത്തിയിട്ട് സെപ്തംബർ ഒന്നിന് ഒരു നൂറ്റാണ്ട്
................................
വർക്കലയിൽ, തിരുവിതാംകൂർ രാജകുടുംബം വക ബംഗ്ളാവിൽ മഹാത്മാഗാന്ധിയും റീജന്റ് റാണി സേതു ലക്ഷ്മിബായിയും മുഖാമുഖമിരിക്കുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ആവേശം മൂർദ്ധന്യത്തിലെത്തി നിൽകുന്ന കാലം. അയിത്തോച്ചാടന പോരാട്ട ചരിത്രത്തിലെ നിർണായക വേളയായിരുന്നു, 1925 മാർച്ച് പന്ത്രണ്ടിനു നടന്ന ആ കൂടിക്കാഴ്ച. വൈക്കം ക്ഷേത്രത്തിലേയ്ക്കുള്ള നടവഴികൾ എല്ലാ വിഭാഗം ജനങ്ങൾക്കുമായി തുറന്നു കൊടുത്ത് പ്രക്ഷോഭം അവസാനിപ്പിക്കാൻ വഴിയൊരുക്കണമെന്ന ആവശ്യവുമായി റീജന്റ് റാണിയെ കാണാനെത്തിയതായിരുന്നു ഗാന്ധിജി. വർക്കലയിലെ ബംഗ്ളാവിൽ, വിശ്രമദിനങ്ങളിലെ സുഖവാസത്തിലായിരുന്നു റീജന്റ് മഹാറാണി.
ഉത്തരേന്ത്യൻ രാജാവംശങ്ങളിലേതു പോലെ, രത്നങ്ങളും വൈഡൂര്യവും പതിച്ച ആടയാഭരണങ്ങളാൽ വിഭൂഷിതയായി, അധികാരത്തിന്റെ ധാടിയിലെത്തുന്ന ഒരു മഹാറാണിയെയാണ് ഗാന്ധിജി പ്രതീക്ഷിച്ചതെങ്കിലും, സന്ദർശക മുറിയിലേക്കു കയറിവന്ന് കൈകൂപ്പിയ റാണിയെക്കണ്ട് അദ്ദേഹം അമ്പരന്നു. കഞ്ഞി പിഴിഞ്ഞ് ഇസ്തിരിയിട്ട, കറുത്ത പുളിയിലക്കരയുള്ള കൈത്തറി മുണ്ടും ഇളം നിറമുള്ള കോട്ടൻ ബ്ലൗസും ധരിച്ച്, ലാളിത്യത്തിന്റെ സൗമ്യ ഭാവമായി മുന്നിൽ റീജന്റ് മഹാറാണി. അത്ഭുതത്തോടെയും ആദരവോടെയും 'യംഗ് ഇന്ത്യ"യുടെ 1925 മാർച്ച് ലക്കത്തിൽ ഗാന്ധിജി എഴുതി: 'തിരുവിതാംകൂറിൽ ഞാൻ കണ്ടത് ഭാരതീയ സ്ത്രീത്വത്തിന്റെ മാതൃകയാണ്!"
വ്യക്തിയെന്ന നിലയിൽ അയിത്തോച്ചോടനത്തോടുളള തന്റെ അനുഭാവം മഹാറാണി ഗാന്ധിജിയോട് തുറന്നു പറഞ്ഞു. ഭരണാധികാരി എന്ന നിലയിൽ പൊതുജനാഭിപ്രായം രൂപപ്പെടുന്നതിനായി കാത്തിരിക്കേണ്ടിവരുമെന്ന് ഓർമ്മിപ്പിച്ച റാണി, വൈക്കം ക്ഷേത്രത്തിലെ നടവഴികൾ എല്ലാവർക്കുമായി തുറക്കപ്പെടുന്ന നാളുകൾ അകലെയല്ലെന്ന സൂചന നൽകാനും മടിച്ചില്ല. 'ഇവിടെ മറ്റൊരു മഹാത്മാവ് കൂടിയുണ്ട്. അങ്ങ് അദ്ദേഹത്തേയും കണ്ട് വന്ദിക്കണം."ശ്രീനാരായണ ഗുരുദേവനെ ഉദ്ദേശിച്ച് റീജന്റ് മഹാറാണി ഗാന്ധിജിക്കു നൽകിയ ഈ ഉപദേശം, ഗുരുവിന്റെ സാമൂഹിക പരിഷ്‌കരണ ശ്രമങ്ങളോടുള്ള മാഹാറാണിയുടെ ആഭിമുഖ്യം വെളിവാക്കുന്നതു കൂടിയായിരുന്നു. അയിത്തോച്ചാടനത്തോട് അതുവരെ മുഖംതിരിച്ചുനിന്ന രാജകുടുംബത്തിന്റെ നിലപാടുമാറ്റം പ്രകടമാകുന്നതായിരുന്നു, ആ കൂടിക്കാഴ്ച.
ചരിത്രത്തിലെ
മഹാഗോപുരം
ആ കൂടിക്കാഴ്ച കഴിഞ്ഞ് ഏറെ താമസിയാതെ 1925 ഒക്ടോബറിൽ വൈക്കം ക്ഷേത്രത്തിലേക്കുള്ള കിഴക്കേ നടവഴി ഒഴികെയുള്ള വഴികൾ എല്ലാ വിഭാഗക്കാർക്കുമായി തുറന്നു കൊടുക്കപ്പെട്ടു. തിരുവിതാംകൂറിലെ അയിത്തോച്ചാടന ചരിത്രത്തിലെ തിളങ്ങുന്ന ഏടായി മാറിയ വൈക്കം സത്യഗ്രഹത്തിന്റെ വിജയമാണ്, 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിത്തിന് അടിത്തറയൊരുക്കിയത്. പുരോഗമനപരവും വിപ്ലവാത്മകവുമായ സാമൂഹിക പരിഷ്‌കാരങ്ങളിലൂടെയും, രാജപദവിയുടെ അന്തസും മഹത്വവും കൈവിടാത്ത പെരുമാറ്റത്തിലൂടെയും മികച്ച ഭരണപാടവത്തിലൂടെയും തിരുവിതാകൂർ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന സേതു ലക്ഷ്മി ബായിയുടെ റീജന്റ് പദവിയിലേയ്ക്കുള്ള സ്ഥാനാരോഹണത്തിന് 2024 സെപ്തംബർ ഒന്നിന് ഒരു നൂറ്റാണ്ട് തികയുന്നു.
മരുമക്കത്തായം പിന്തുടർന്നിരുന്ന തിരുവിതാംകൂർ രാജവംശത്തിൽ മഹാരാജാവിന്റെ അനന്തരാവകാശിയാകേണ്ടത് സഹോദരിയുടെ മകൻ അല്ലെങ്കിൽ മകൾ.1885-ൽ മഹാരാജാവായ ശ്രീമൂലം തിരുനാളിന് സഹോദരിമാരില്ലായിരുന്നു. അനന്തരാവകാശികളില്ലാതെ സിംഹാസനം കൈവിട്ടു പോകുമെന്നതിനാൽ, മാവേലിക്കര കൊട്ടാരത്തിൽ നിന്ന് രണ്ടു റാണിമാരെ തിരുവിതാംകൂർ രാജകുടുംബം ദത്തെടുത്തു. മഹാപ്രഭ തമ്പുരാട്ടിയുടെ മകൾ സേതു ലക്ഷ്മിബായിയേയും കൊച്ചു കുഞ്ഞി തമ്പുരാട്ടിയുടെ മകൾ സേതു പാർവതി ബായിയേയും.
1924 ഓഗസ്റ്റ് ഏഴിന് ശ്രീ മൂലം തിരുനാൾ മഹാരാജാവ് നാടുനീങ്ങി. അന്ന് സീനിയർ റാണി, സേതു ലക്ഷ്മിബായിയുടെ മകൾ ലളിതയ്ക്ക് ഒരു വയസ് മാത്രം. അങ്ങനെ കിരീടാവകാശം ജൂനിയർ റാണി സേതു പാർവതിബായിയുടെ പന്ത്രണ്ടു വയസുകാരനായ മകൻ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയിൽ എത്തിച്ചേർന്നു. ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റിന്റെ നയമനുസരിച്ച് മഹാരാജാവിന് പ്രായപൂർത്തിയാകുന്നതുവരെ രാജ്യം റീജന്റ് ഭരണത്തിലാകും. തിരുവിതാംകൂർ രാജവശം മരുമക്കാത്തായം പിന്തുടർന്നിരുന്നതിനാൽ അങ്ങനെ, കുടുംബത്തിലെ മുതിർന്ന സ്ത്രീയും സീനിയർ മാഹാറാണിയും എന്ന നിലയിൽ 1924 സെപ്തംബർ ഒന്നിന് സേതു ലക്ഷ്മിബായി റീജന്റ് പദവിയിൽ അവരോധിതയായി.
പരിമിതികൾ
മറികടന്ന്...
ആഴത്തിലുള്ള വായന, അസാധാരണമായ ബുദ്ധികൂർമ്മത, അന്തസാർന്ന പെരുമാറ്റം... റീജന്റ് പദവിയുടെ പരിമിതികൾ മറികടക്കുന്നതിന് സ്വതസിദ്ധമായ പ്രാഗത്ഭ്യത്തിലൂടെ റാണിക്ക് എളുപ്പത്തിൽ കഴിഞ്ഞു. ഇന്ത്യാ ഗവൺമെന്റിനും സേതുലക്ഷ്മിയിൽ വിശ്വാസമായി. റീജന്റ് ഭരണമുള്ളിടങ്ങളിൽ ഭരണം നിയന്ത്രിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് നിയമിക്കാറുള്ള റീജൻസി കൗൺസിൽ തിരുവിതാംകൂറിൽ വേണ്ടെന്നുവച്ചു. അങ്ങനെ എല്ലാ അർത്ഥത്തിലും മഹാറാണി സേതു ലക്ഷ്മിബായി തിരുവിതാംകൂറിന്റെ മഹാരാജാവായി.
അധികാരമേറ്റ അന്നു തന്നെ തൊട്ടുകൂടായ്‌ക്കെതിരായ പ്രതിഷേധങ്ങളോടുള്ള അനുഭാവം റാണി വെളിപ്പെടുത്തി. ശ്രീമൂലം തിരുനാളിന്റെ കാലത്ത് കാരാഗൃഹത്തിലടയ്ക്കപ്പെട്ട 56 വൈക്കം സത്യഗ്രഹികളെയും മോചിപ്പിക്കുന്നതിനുള്ള ഉത്തരവിൽ ആദ്യ റീജന്റ് ദിനത്തിൽത്തന്നെ മഹാറാണി തുല്യം ചാർത്തി. അതും, ദിവാൻ രാഘവയ്യയുടെയും യാഥാസ്ഥിതിക സവർണരുടെയും എതിർപ്പുകൾ വകവയ്ക്കാതെ! വൈക്കം ക്ഷേത്രത്തിലേക്കുള്ള വഴികൾ തുറന്നുകൊടുത്തതിനു പിന്നാലെ ആറ്റിങ്ങൽ കൊട്ടാരത്തിലേക്കും അവിടുത്തെ തന്റെ കുടുംബ ക്ഷേത്രത്തിലേക്കുമുള്ള വഴികളും എല്ലാ വിഭാഗങ്ങൾക്കുമായി തുറന്നു കൊടുത്ത് റാണി സ്വയം മാതൃകയാവുക കൂടി ചെയ്തു. മൃഗബലി നിരോധിച്ചും, ദേവദാസി സമ്പ്രദായവും മരുമക്കത്തായ പിന്തുടർച്ചാവകാശവും നിറുത്തലാക്കിയും തിരുവിതാംകൂറിലെ സാമൂഹിക പരിഷ്കർത്താക്കളുടെയും പുരോഗമനവാദികളുടെയും മുൻ നിരയിൽ സേതുലക്ഷ്മി ബായിയും സ്ഥാനമുറപ്പിച്ചു.
മാറ്റങ്ങളുടെ
മഹാറാണി
ദേവദാസി സമ്പ്രദായം ലൈംഗിക ചൂഷത്തിനുള്ള മറയായി മാറിയപ്പോഴാണ് അത് പൂർണമായി നിറുത്തലാക്കിക്കൊണ്ടുള്ള ഉത്തരവിൽ 1931 ഓഗസ്റ്റ് 15 ന് ശംഖുമുദ്ര പതിഞ്ഞത്. മരുമക്കത്തായം നിരോധിച്ചു കൊണ്ടുള്ള 1925-ലെ റഗുലേഷൻ ആക്ടിൽ ഒപ്പുവച്ചപ്പോൾ ലോകത്ത് ആദ്യമായി ഒരു പിന്തുടർച്ചാവകാശ സമ്പ്രദായം നിരോധിച്ച ഭരണാധികാരിയെന്ന ബഹുമതി സേതു ലക്ഷ്മിബായിക്ക് സ്വന്തമായി. മരുമക്കത്തായത്തിനൊപ്പം നാലുകെട്ടുകളിൽ നിന്ന് സംബന്ധവും ബഹുഭർതൃത്വവും ബഹുഭാര്യാത്വവും പോലുള്ള അസംബന്ധങ്ങളും കുടിയിറങ്ങി. സ്വത്തു ഭാഗം വയ്ക്കാൻ അവകാശം ലഭിച്ചതോടെ കൂട്ടുകുടുംബങ്ങളിൽ വീർപ്പുമുട്ടി കഴിഞ്ഞിരുന്നവർ സ്വതന്ത്ര കുടുംബങ്ങളിലെ ശുദ്ധവായു ശ്വസിച്ചുതുടങ്ങി.
ദിവാൻ പദവിയിലേക്ക് മോറിസ് എമിഗ് ദിയസ് വാട്സ് എന്ന ആംഗ്ലോ ഇന്ത്യൻ ക്രിസ്ത്യാനിയെ നിയമിച്ചത് ദിവാൻ സ്ഥാനം ഉൾപ്പെടെയുള്ള ഉന്നത പദവികളും ഉദ്യോഗങ്ങളും കുത്തകയാക്കി വച്ചിരുന്ന സവർണ യഥാസ്ഥിതിക ജാതിക്കോയ്മക്കാരെ ചൊടിപ്പിച്ചെങ്കിലും റാണി കുലുങ്ങിയില്ല. ഉദ്യോഗങ്ങളിൽ മതിയായ പ്രാതിനിദ്ധ്യമില്ലാതിരുന്ന ന്യൂനപക്ഷങ്ങൾക്കും മറ്റു ജാതിക്കാർക്കും നിയമനങ്ങളിൽ പ്രത്യേക പരിഗണന നൽകാനുള്ള തിരുമാനം സമൂഹികനീതി ഉറപ്പു വരുത്താനുള്ള ശ്രമമെന്ന നിലയിൻ ശ്രദ്ധിക്കപ്പെട്ടു. കോളേജ് പഠനത്തിന് ചേരുന്ന പെൺകുട്ടികൾക്ക് കൊട്ടാരത്തിൽ ചായ സൽക്കാരം, തിരുവിതാംകൂറിലെ ആദ്യ വനിതാ മെഡിക്കൽ ബിരുദധാരിയായ ഡോ. മേരിക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അധ്യക്ഷയായി നിയമനം, സ്ത്രീകൾക്ക് കൊട്ടാരത്തിൽ നേരിട്ടെത്തി പരാതി ബോധിപ്പിക്കാൻ അവസരം, നിയമനങ്ങളിൽ സ്ത്രീകൾക്ക് തുല്യ അവസരം, അന്നാ ചാണ്ടിക്ക് ആദ്യ വനിതാ ന്യായാധിപയായി നിയമനം, ശ്രീമൂലം പ്രജാസഭയിൽ സ്തീകൾക്ക് പ്രാതിനിദ്ധ്യം.... സേതു ലക്ഷ്മിബായിയുടെ സ്ത്രീപക്ഷ നടപടികൾ തിരുവിതാകൂറിൽ സ്ത്രീ ശാക്തീകരണത്തിന് അടിത്തറയൊരുക്കുന്നവയായിരുന്നു.
(അടുത്ത ലക്കത്തിൽ അവസാനിക്കും)