ഒരു വാക്കിലെന്തുണ്ട് ജീവൻ?
ഒരു വാക്കിനെന്തുണ്ട് ശക്തി?
സൂക്ഷ്മ പ്രപഞ്ചത്തിൽ നിന്നും പരാശക്തി -
ചൈതന്യ ശീകരമായുണർന്നങ്ങനെ
ആത്മാവിൽ നിന്നുമെരിഞ്ഞിറങ്ങി
ഹൃത്തടം രണ്ടായ് പകുത്തുപൊങ്ങും
വാക്കായ വാക്കൊരു തീക്കനൽത്തുള്ളിയാ-
ണൊരു കല്പകണികയാണൊരു നാദബിന്ദുവാ-
ണൊരു വാക്കതിന്നെന്തു ശക്തി!
ഒരു വാക്കിനെന്തു പ്രഭാവം?
ഒരു വാക്കിലാണു വെളിച്ചമുണ്ടായതും
ഇരുളതിൽ നിന്നു വേറായ്പ്പിരിഞ്ഞതും;
ഒരു വാക്കിലാണു പിറന്നതാകാശവും
പൊരുൾ തെളിച്ചീടുന്ന നക്ഷത്രജാലവും
ധരയുമുഷസ്സുമെൻ വാർമതിക്കനവിലെ
പ്രണയനിലാവും വിഷാദത്രിസന്ധ്യയും.
ഒരു വാക്കിനെന്തു പ്രഭാവം!
ഒരു വാക്കിലാണുറവാർന്നതെൻ ഹൃത്തിന്റെ
ഗിരിശിഖരങ്ങളിൽ നിന്നുമരുവികൾ.
കാറ്റിന്റെ കൈകളിൽ തൂങ്ങിയും കാനന-
ക്കാറ്റാടിക്കഥകൾ കേട്ടാർത്തുലഞ്ഞും,
സൂര്യകിരണങ്ങളൊത്തു കളിച്ചുമ-
ങ്ങാഴിയാം മൃത്യുവിൽ ചേരുവോളം,
ഒഴുകിയോ,രവരാണു കനവുകൾ നെയ്തെനി-
യ്ക്കരുളിയതാശക,ളാമയങ്ങൾ.
ഒരു വാക്കിതുണ്മ വിരചിപ്പൂ!
ഒരു വാക്കിനിത്രയ്ക്കുമുഗ്രതയോ?
ഒരു വാക്കു മർമ്മരമായിരുൾപ്പൊന്തയിൽ
എരിയുന്നു, പിന്നെപ്പടർന്നഗ്നിയാവുന്നു,
കാട്ടുതീയായുയർന്നാളുന്നു, ഹൃത്തടം
വേവുന്നു, ചിതയിലെ ചാമ്പലിൽ കനലുകൾ
നീറിപ്പുകയവേ, കണ്ണുനീർച്ചാലുകൾ
പുഴകളായൊഴുകുന്നു, ജീവിതം കത്തിച്ച
കൊള്ളിയായ് വാക്കു ദുരന്തജന്മത്തിന്റെ
കെണിയിലടിതെറ്റിയൊടുങ്ങിയ നിഴലിന്റെ
സ്മൃതിയായുയിർത്തെഴുന്നേൽപ്പൂ.
വാക്കിനാൽ മനുഷ്യകം നേടിയോർകളേ,
നാഴിയിടങ്ങഴി മണ്ണിലെക്കൂരയിൽ
ആനന്ദസൗരഭവീചികളുണ്മയിൽ
വ്യാപരിപ്പിക്കുവാൻ വാക്കു വിതച്ചതിൽ
നീർമണികളിറ്റിച്ചു മക്കളേ, തീർത്തുവോ
പൂവനി? മാനസത്തിന്റെ കുടന്നയിൽ
മലരായി വാക്കു വിടർത്തിയോ? ചുറ്റിലും
പരിമളം സന്മയം പോലെ പടർത്തിയോ?
ചോദിക്കയാണുഡുജാലവുമിന്ദുവും,
ചോദിക്കയാണു മനസ്സിൻ സരസ്സിലെ
നീരലയിലഞ്ചുന്ന തൂവെണ്ണിലാവിന്റെ
നീരവാമന്ത്രണവുമെന്നും.