
മലയാള സിനിമയിലെ താരസംഘടനയായ അമ്മ വിലക്കിയപ്പോൾ നാടകത്തിൽ അഭിനയിക്കാൻ തയ്യാറായ തിലകന് വേണ്ടി നാടക സമിതിയുണ്ടാക്കിയത് സുഹൃത്തും നാടകകലാകാരനുമായ അമ്പലപ്പുഴ രാധാകൃഷ്‌ണനാണ്. തിലകനെ ദ്രോഹിക്കാൻ മുന്നിൽ നിന്നത് ദിലീപ് ആണെന്നും, മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളും തിലകന് എതിരായിരുന്നുവെന്ന് രാധാകൃഷ്‌ണൻ വെളിപ്പെടുത്തുന്നു.
തിലകനെതിരെ സിനിമയിലെ മാഫിയ സംഘം നിലനിന്നിരുന്നു. ആ വാക്ക് തിലകൻ ചേട്ടനെ കൊണ്ട് പിൻവലിപ്പിക്കുന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. തിലകൻ ചേട്ടൻ നാടകത്തിലേക്ക് വന്നപ്പോഴാണ് എനിക്ക് ഏറ്റവും ലാഭമുണ്ടായത്. 100 നാടകങ്ങൾ എനിക്ക് വേണ്ടി അദ്ദേഹം ചെയ‌്‌തു. 15.60 ലക്ഷം രൂപയുടെ ചെക്കാണ് അദ്ദേഹത്തിന് കൊടുത്തത്. തിലകൻ എന്ന പേരിനായിരുന്നു കാശ്. ആളുകൾ ഇളകി മറിയുമായിരുന്നു.
വലിയ മാനസിക പീഡനമാണ് ആ മഹാനടൻ അനുഭവിച്ചത്. അവസാനകാലത്ത് അദ്ദേഹം പറഞ്ഞു. വലിയ താമസമില്ലാതെ പ്രധാനപ്പെട്ട ഒരു കണ്ണി അഴിയെണ്ണുമെന്ന്. കേരളസമൂഹം കണ്ടില്ലേ ദിലീപ് അഴിയെണ്ണിയത്. തിലകൻ ചേട്ടനെ ഏറ്റവും കൂടുതൽ ദ്രോഹിക്കാൻ മുൻപന്തിയിൽ നിന്ന ആളാണ് ദിലീപ്. മമ്മൂട്ടി അഭിനയിക്കില്ലെന്ന് പറഞ്ഞു, പക്ഷേ മകൻ അഭിനയിച്ചു. കാരണം അവന് അഭിനയം പഠിക്കണമെങ്കിൽ തിലകൻ ചേട്ടൻ വേണമായിരുന്നു.