temole

ഇത്തവണത്തെ അഷ്ടമിരോഹിണിക്ക് ലോകത്ത് ഏറ്റവും ഉയരമുള്ള കൃഷ്ണ ക്ഷേത്രത്തിലേക്ക് പോയാലോ? ഭക്തിക്കൊപ്പം അല്പം സാഹസികതയും വേണമെന്നുമാത്രം. ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ ഏ​റ്റവും മനോഹരമായ താഴ്‌വരകളിൽ ഒന്നായ യുല്ല കാണ്ഡയിലാണ് സമുദ്രനിരപ്പിൽ നിന്ന് 12000 അടി ഉയരത്തിലുളള ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ അതിപ്രശസ്തമായ ഒരു തടാകമുണ്ട്. വനവാസകാലത്ത് പാണ്ഡവർ സൃഷ്ടിച്ചതാണ് ഇതെന്നാണ് വിശ്വസിക്കുന്നത്. ഇതിൽ മുങ്ങിക്കുളിക്കുന്നത് മനസിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധീകരിക്കും എന്നാണ് ഭക്തരുടെ വിശ്വാസം.

ജന്മാഷ്ടമി സമയത്ത് യുല്ല കാണ്ഡയിൽ ഒരു വാർഷിക മേള നടത്തപ്പെടുന്നുണ്ട്. എല്ലാ വർഷവും കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാൻ സമീപ ജില്ലകളിൽ നിന്നടക്കം ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. ഇവർ തങ്ങളുടെ പാപങ്ങൾക്കും തെ​റ്റുകൾക്കും പ്രായശ്ചിത്തം യാചിച്ച് തടാകത്തെ വലംവയ്ക്കുകയും ചെയ്യുന്നുണ്ട്. തടാകത്തിന് നടുവിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലേക്കുള്ള ട്രക്കിംഗിന്റെ ആസ്വാദ്യത ഒന്നുവേറെതന്നെയെന്നാണ് അനുഭവസ്ഥർ പറയുന്നത്.

കുന്നിൻ മുകളിലെ ഗ്രാമമായ യുല്ലാ ഖാസിൽ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. ഇത്തിരി കടുപ്പമേറിയതാണെങ്കിലും അധികം സമയമെടുക്കാതെ വളരെ എളുപ്പത്തിൽ ഇത് പൂർത്തിയാക്കാൻ കഴിയും. മൊത്തം 12 കിലോമീ​റ്ററാണ് യാത്ര ചെയ്യേണ്ട ദൂരം. മേയ് പകുതി മുതൽ ഒക്‌ടോബർ പകുതി വരെയുള്ള സമയമാണ് ട്രക്കിംഗിന് ഏറ്റവും യോജിച്ചത്. ലോക പ്രശസ്തമായ ആപ്പിൾ വിളയുന്ന തോട്ടങ്ങളും മനോഹരി ഭൂപ്രദേശങ്ങളും പിന്നിട്ടുവേണം ക്ഷേത്രത്തിലേക്കെത്താൻ. എത്ര കഠിന ഹൃദയനും ഇവിടെ ഒരുതവണ വന്നാൽ വീണ്ടും വരാൻ ആഗ്രഹിക്കും.