nurese

കേരളത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നഴ്‌സിംഗ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാന്‍ ധാരണയായി. ഓസ്ട്രിയന്‍ ട്രേഡ് കമ്മീഷണർ ആന്റ് കൊമേഴ്സ്യല്‍ കൗണ്‍സിലര്‍ ഹാൻസ് ജോർഗ് ഹോർട്ട്നാഗലിന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘവുമായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്.

പ്രതിവര്‍ഷം 7000 മുതല്‍ 9000 നഴ്സിംഗ് പ്രൊഫഷണലുകള്‍ക്കാണ് നിലവില്‍ ഓസ്ട്രിയയില്‍ അവസരമുളളത്. കെയര്‍ ഹോം, ഹോസ്പിറ്റലുകള്‍, വയോജനപരിപാലനത്തിനായുളള പ്രൈവറ്റ് ഹോം എന്നിങ്ങനെയാണ് അവസരങ്ങളെന്ന് ഹാൻസ് ജോർഗ് ഹോർട്ട്നാഗൽ വ്യക്തമാക്കി. കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ മികച്ച നൈപുണ്യമികവുളളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്റായ ട്രിപ്പിള്‍വിന്‍ മാതൃകയില്‍ ഓസ്ട്രിയയിലേയ്ക്ക് പ്രത്യേക റിക്രൂട്ട്മെന്റിനുളള സാദ്ധ്യതകള്‍ പരിശോധിക്കാമെന്ന് കൂടിക്കാഴ്ചയില്‍ അജിത് കോളശ്ശേരി പറഞ്ഞു. തയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്സിംഗ് കോളേജില്‍ നിന്ന് അസോസിയേറ്റ് പ്രൊഫസർമാരായ റീന എ തങ്കരാജ്, ശോഭ പി.എസ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി (SI-MET) ഡയറക്ടർ ആശാ.എസ്.കുമാർ, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, ഹോം ഒതന്റിക്കേഷന്‍ ഓഫീസര്‍ സുഷമാഭായി, മറ്റ് റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു.