adak

തിരുവനന്തപുരം: സംസ്ഥാനത്തെ അക്വാകൾച്ചർ പ്രവർത്തനങ്ങളുടെ വികസനത്തിനായി രൂപീകരിച്ച ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്ക്) 30 വർഷങ്ങൾക്കുശേഷം ലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം നാല് കോടിയിലധികം രൂപയുടെ ലാഭമാണ് അഡാക്ക് നേടിയത്. ആയിരംതെങ്ങ് ഫാമിൽ വനാമി ചെമ്മീൻ കൃഷിയിലൂടെയും, വിവിധ ഹാച്ചറിക ളിൽ മത്സ്യവിത്തുൽപാദനത്തിലൂടെയും കൈവരിച്ച മികച്ച നേട്ടമാണ് അഡാക്കിനെ ലാഭത്തിലാക്കാൻ സഹായിച്ചതെന്ന് ഏജൻസിയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തതുകൊണ്ട് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

അഡാക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്വകാര്യ കർഷകരുടെ 140 ഹെക്ടർ പ്രദേശത്ത് വനാമി ചെമ്മീൻ കൃഷി നടപ്പിലാക്കുന്നതിന് സാങ്കേതിക, സാമ്പത്തിക സഹായം നൽകുകയും ഇതുവരെ 435 ടണ്ണോളം വനാമി ചെമ്മീൻ ഉൽപാദിപ്പിച്ചതായും മന്ത്രി പറഞ്ഞു. വനം വകുപ്പിന്റെ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയിലെ പട്ടിക വർഗ്ഗ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി നെയ്യാർ, പീച്ചി, ഇടുക്കി റിസർവ്വോയറുകളിൽ 10 കോടിയിലധികം രൂപ ചെലവഴിച്ച് കേജുകളിൽ കരിമീൻ, വരാൽ മുതലായ തദ്ദേശീയ മത്സ്യങ്ങളുടെ കൃഷിയും ആരംഭിച്ചു.

അത്യുൽപാദന ശേഷിയുള്ള കരിമീൻ കുഞ്ഞുങ്ങളെ വികസിപ്പിക്കുന്നതിനു വേണ്ടിയുളള പദ്ധതിയും അഡാക്ക് വഴി ആരംഭിച്ചിട്ടുണ്ട്. കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് മത്സ്യതീറ്റ നൽകുന്നതിനുള്ള ഫിഷ് ഫീഡ് പ്ലാന്റ് തലശ്ശേരിയിലെ തലായിയിൽ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുന്നതാണ്. വനാമി ചെമ്മീൻ കൃഷി കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഉടൻ അന്തിമരൂപം നൽകുന്നതാണെന്നും അറിയിച്ചു. അഡാക്കിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് ഉദ്ഘാടനം ചെയ്യപ്പെട്ട https://www.adak.kerala.gov.in/ വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.