കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ തീരുമാനത്തിന് മുന്നോടിയായി ആഗോള മേഖല വിപണികൾ കരുതലോടെ നീങ്ങുന്നു. നാണയപ്പെരുപ്പം താഴ്‌ന്നതും ചില്ലറ വില്പന മെച്ചപ്പെട്ടതും കണക്കിലെടുത്ത് നടപ്പുവർഷം ഫെഡറൽ റിസർവ് വിവിധ ഘട്ടങ്ങളിലായി മുഖ്യ പലിശ നിരക്കിൽ ഒന്നര ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. നാളെ നടക്കുന്ന ജാക്‌സൺ ഹോൾ യോഗത്തിൽ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ നടത്തുന്ന പ്രഭാഷണത്തിൽ പലിശ നിരക്കിലെ മാറ്റങ്ങളെ കുറിച്ച് വ്യക്തമായ സൂചനയുണ്ടാകുമെന്ന് വിപണി വിലയിരുത്തുന്നു.
ലോകമൊട്ടാകെയുള്ള ഓഹരി, കമ്പോള, നാണയ, കടപ്പത്ര വിപണികളെ ഫെഡറൽ റിസർവ് തീരുമാനം സ്വാധീനിക്കും.
നേട്ട പാതയിൽ ഇന്ത്യൻ ഓഹരികൾ
ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ അഞ്ചാം ദിവസവും മുന്നേറി. സെൻസെക്സ് 102.44 പോയിന്റ് നേട്ടത്താേടെ 80,905.30ൽ അവസാനിച്ചു. നിഫ്‌റ്റി 71.37 പോയിന്റ് ഉയർന്ന് 24,770.20ൽ എത്തി. ഫെഡറൽ റിസർവ് ചെയർമാന്റെ പ്രതികരണമാണ് നിക്ഷേപകർ കാത്തിരിക്കുന്നതെന്ന് ബ്രോക്കർമാർ പറയുന്നു. പൊതുമേഖല ബാങ്കുകൾ, റിയൽ എസ്‌റ്റേറ്റ് കമ്പനികൾ എന്നിവ ഒഴികെയുള്ള ഓഹരികൾ നേട്ടമുണ്ടാക്കി.
അടിതെറ്റി രൂപ
എണ്ണ ഇറക്കുമതി കമ്പനികളും വിദേശ ബാങ്കുകളും വലിയ തോതിൽ ഡോളർ വാങ്ങിയതോടെ രൂപയുടെ മൂല്യത്തിൽ ഇന്നലെ കനത്ത തിരിച്ചടി നേരിട്ടു. ഡോളറിനെതിരെ രൂപയുടെ മൂല്യം പത്ത് പൈസ കുറഞ്ഞ് 83.92ലേക്ക് താഴ്ന്നു. ചൊവ്വാഴ്ച ഒരവസരത്തിൽ രൂപയുടെ മൂല്യം 83.75 വരെ മെച്ചപ്പെട്ടിരുന്നു. അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിക്കുന്നു.