s

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാഡമിയുടെ 2023-24 ലെ മികച്ച നാടകസംബന്ധിയായ ഗ്രന്ഥത്തിനുള്ള അവാർഡിന് ബൈജു ചന്ദ്രൻ രചിച്ച 'ജീവിതനാടകം ; അരുണാഭം ഒരു നാടകകാലം" എന്ന കൃതി അർഹമായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.കെ.ശ്രീകുമാർ ചെയർമാനും അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി,​ പ്രൊഫ. പി.എൻ. പ്രകാശൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. നടി കെ.പി.എ.സി സുലോചനയുടെ ജീവചരിത്രഗ്രന്ഥമാണിത്. തിരുവനന്തപുരം സ്വദേശിയായ ബൈജു ചന്ദ്രൻ മാദ്ധ്യമപ്രവർത്തകനും തിരുവനന്തപുരം ദൂർദർശന്റെ പ്രോഗ്രാം മേധാവിയുമായിരുന്നു. എഴുത്തുകാരിയും മാദ്ധ്യമ പ്രവർത്തകയുമായ കെ.എ. ബീനയാണ് ഭാര്യ. മകൻ: ഋത്വിക് ബൈജു.