തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ഫീസ് ഇനത്തിൽ ശേഖരിച്ച തുകയിൽ വെട്ടിപ്പ് നടത്തിയ കേസിൽ ശ്രീകാര്യം എൻജിനിയറിംഗ് കോളേജിലെ ക്ലർക്കിന് വിജിലൻസ് കോടതി 30 വർഷം കഠിനതടവും 3.30 ലക്ഷം രൂപ പിഴയും വിധിച്ചു. 2000 - 2003 കാലത്ത് കോളേജിലെ സെക്ഷൻ ക്ലർക്കായിരുന്ന ഗോപകുമാറിനെയാണ് ശിക്ഷിച്ചത്. മൂന്ന് വർഷങ്ങളിലായി വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച തുകയിൽ നിന്ന് 6.51 ലക്ഷം രൂപ സർക്കാരിൽ അടയ്ക്കാതെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. ഓരോ വർഷത്തെ വെട്ടിപ്പും പ്രത്യേകം പരിഗണിച്ച കോടതി, 10 വർഷം വീതം കഠിന തടവിനും 1.10 ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷിക്കുകയായിരുന്നു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു. തിരുവനന്തപുരം വിജിലൻസ് മുൻ ഡിവൈ.എസ്.പി രാജേന്ദ്രൻ, അന്നത്തെ ഡിവൈ.എസ്.പിയും നിലവിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പിയുമായ ആർ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ എൽ.ആർ. രഞ്ജിത്ത് കുമാർ ഹാജരായി.