crime

വാഷിംഗ്ടണ്‍: സ്ത്രീകളുടേയും കുട്ടികളുടേയും സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ ഡോക്ടര്‍ അറസ്റ്റില്‍. നൂറ് കണക്കിന് സ്ത്രീകളുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഒരു ഹാര്‍ഡ് ഡിസ്‌കില്‍ കോപ്പി ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു 40കാരനായ ഇന്ത്യന്‍ ഡോക്ടറെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 8ാം തീയതിയാണ് ഒമൈര്‍ ഐജാസ് എന്ന ഡോക്ടര്‍ അറസ്റ്റിലായത്. ആശുപത്രിക്കുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിക്യാമറ സ്ഥാപിച്ചാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ടോയ്‌ലെറ്റ്, ആശുപത്രിയിലെ മുറികള്‍, വസ്ത്രം മാറുന്ന സ്ഥലം എന്നിവിടങ്ങളിലാണ് പ്രധാനമായും ക്യാമറ ഒളിപ്പിക്കുന്നത്. സ്വന്തം വീട്ടിലും ഒളിക്യാമറ സ്ഥാപിച്ച് ഇയാള്‍ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. വീട്ടിലെ രണ്ട് വയസ്സുള്ള കുട്ടിയുടെ ദൃശ്യം വരെ ഇയാള്‍ പകര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തെളിവുകള്‍ സഹിതം സ്വന്തം ഭാര്യയാണ് ഇയാള്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

വിഷയത്തില്‍ ശക്തമായ അന്വേഷണം വേണ്ടി വരുമെന്നും, അതിന് ശേഷം മാത്രമേ ഇതിന്റെ ആഴം എത്രത്തോളമെന്ന് മനസ്സിലാക്കാന്‍ സാധിക്കൂ എന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മിഷിഗണിലെ റോച്ചസ്റ്റര്‍ ഹില്‍സിലുള്ള പ്രതിയുടെ വീട്ടില്‍ നിന്ന് ആയിരത്തിലേറെ വീഡിയോകളുടെ ശേഖരം കണ്ടെടുത്തിട്ടുണ്ട്. എണ്ണം കൂടുതലായതിനാല്‍ എല്ലാ ഇരകളേയും കണ്ടെത്തുക ബുദ്ധിമുട്ടാണെന്നാണ് പൊലീസ് പറയുന്നത്.

കംപ്യൂട്ടറുകള്‍, ഫോണുകള്‍ എന്നിവയടക്കം 15-ഓളം ഉപകരണങ്ങള്‍ ഇദ്ദേഹത്തിന്റെ പക്കല്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരു ഹാര്‍ഡ് ഡ്രൈവില്‍ മാത്രം 13,000 വീഡിയോകളായിരുന്നു ഉണ്ടായിരുന്നത്. ക്ലൗഡ് സ്റ്റോറേജിലും വീഡിയോകള്‍ ശേഖരിച്ചു വെച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അബോധാവസ്ഥയിലുള്ളവരേയും ഉറങ്ങിക്കിടക്കുന്ന സ്ത്രീകളേയും ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോകളും ഇയാള്‍ പകര്‍ത്തിയിട്ടുണ്ട്. 2011ലാണ് പ്രതി അമേരിക്കയിലെത്തിയത്.