പാറശാല: മികച്ച ബ്ളോക്ക് പഞ്ചായത്തിന് കേരളകൗമുദി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്‌കാരത്തിന് പാറശാല ബ്ളോക്ക് പഞ്ചായത്ത് അർഹമായി. മൂന്നര വർഷത്തിനിടെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ദീർഘവീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിനർഹമായത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറു പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് നടത്തിയ രോഗമില്ലാത്ത ഗ്രാമം പദ്ധതി ഗ്രാമങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കാണ് പ്രയോജനം ചെയ്തത്. ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള മികവ് പദ്ധതി,​ സൗജന്യ സ്‌പീച്ച് ബിഹേവിയർ തെറാപ്പി സെന്ററും സെക്കൻഡറി സാന്ത്വന പരിചരണത്തിന്റെ ഭാഗമായുള്ള സ്‌നേഹ സംഗമം,​ തുണ എന്ന പേരിൽ പാറശാല ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ രംഗത്ത് നടപ്പാക്കിയത്. വിദ്യാഭ്യാസരംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി അക്ഷര സുകൃതം,​ അദ്ധ്യാപകരേയും വിദ്യാർത്ഥികളെയും രക്ഷിതാക്കളുമായി ബന്ധപ്പെടുത്തുന്നതിനുള്ള ഉണർവ് മൊബൈൽ ആപ്പ്,​ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പാർലമെന്റും ശ്രദ്ധേയമായിരുന്നു. നാളെ ഉച്ചയ്ക്ക് 2.30ന് തമ്പാനൂരിലെ ഹോട്ടൽ അപ്പോളോ ഡിമോറോയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌‌കാരം സമ്മാനിക്കും.