egg-puffs
പ്രതീകാത്മക ചിത്രം

അമരാവതി: രാഷ്ട്രീയ പോരിന് എരിവ് പകര്‍ന്ന് ആന്ധ്രപ്രദേശില്‍ മുട്ട പഫ്‌സ് വിവാദം കൊഴുക്കുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ മുട്ട പഫ്‌സ് വാങ്ങാന്‍ 3.36 കോടി രൂപ ചെലവാക്കിയെന്നാണ് ടിഡിപി ആരോപിക്കുന്നത്. ജഗന്റെ ഓഫീസ് അഞ്ച് വര്‍ഷം കൊണ്ട് പഫ്‌സ് വാങ്ങാന്‍ മാത്രം കൊള്ള നടത്തിയെന്നാണ് ആരോപണം. അതേസമയം സ്‌നാക്‌സ് ഇനത്തില്‍ വിവിധ പലഹാരങ്ങള്‍ വാങ്ങാനാണ് തുക ചെലവാക്കിയതെന്നും ടിഡിപി വിവാദമുണ്ടാക്കുകയാണെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് പഫ്‌സ് വാങ്ങാന്‍ മാത്രം പ്രതിവര്‍ഷം 72 ലക്ഷം രൂപ വീതം ചെലവാക്കിയതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് ടിഡിപി ആരോപിക്കുന്നു. ജഗന്റെ ഭരണകാലയളവില്‍ പൊതുപണം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായാണ് ആരോപണം. കണക്ക് പ്രകാരം 72 ലക്ഷം രൂപ ഒരുവര്‍ഷം ചെലവാകണമെങ്കില്‍ അതിന്റെ വിലവച്ച് പ്രതിദിനം 993 പഫ്സുകള്‍ വാങ്ങേണ്ടിവരും. അങ്ങനെയങ്കില്‍ അഞ്ച് വര്‍ഷത്തിനിടെ വാങ്ങിയത് 18 ലക്ഷം പഫ്സുകളെന്ന് കരുതേണ്ടിവരുമെന്നും ടിഡിപി ആരോപിക്കുന്നു.

ലഘുഭക്ഷണത്തിനായി ചിലവഴിച്ച തുക പെരുപ്പിച്ച് കാണിച്ച് ജഗന്‍ മോഹന്‍ റെഡ്ഡിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആരോപണം വ്യാജമാണെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. ആരോപണം തെളിയിക്കാനും പാര്‍ട്ടി വെല്ലുവിളിച്ചു. 2014 -19 കാലയളവില്‍ ചന്ദ്രബാബു നായിഡുവിനും മകന്‍ ലോകേഷിനുമുള്ള ലഘുഭക്ഷണത്തിനായി സര്‍ക്കാര്‍ 8.6 കോടി രൂപ ചിലവഴിച്ചെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇത് ടിഡിപി നിഷേധിച്ചു.

രാഷ്ട്രീയ പകപോക്കലുകള്‍ ആന്ധ്രയില്‍ പുതിയ സംഭവമല്ല. ജഗന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നായിഡുവിനെതിരെയും വലിയ ആരോപണങ്ങളും അന്വേഷണങ്ങളും നടത്തിയിരുന്നു. ഈ വര്‍ഷം അധികാരത്തിലേറിയത് മുതല്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി സര്‍ക്കാര്‍ ജഗനെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.