crime
പൊലീസ് പിടികൂടിയ ബണ്‍

കോട്ടയം: കണ്ടാല്‍ ബേക്കറിയില്‍ ലഭിക്കുന്ന ക്രീം ബണ്‍, എന്നാല് ഉള്ളില്‍ ഒളിപ്പിച്ചത് മാരക ലഹരി മരുന്നായ എംഡിഎംഎ. ലഹരി കടത്താനുള്ള പുതിയ ട്രെന്‍ഡ് കേരള പൊലീസ് കയ്യോടെ പിടികൂടുകയും ചെയ്തു.

ബണ്ണിനുള്ളില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ ചങ്ങനാശ്ശേരിയില്‍ പിടിയിലായി. ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, ടി.എസ്. അഖില്‍ എന്നിവരെയാണ് 20 ഗ്രാം എം.ഡി.എം.എ.യുമായി പൊലീസ് പിടികൂടിയത്.

പ്രതികള്‍ ബംഗളൂരുവില്‍നിന്ന് ബസില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജിന് സമീപത്തുനിന്നാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ചങ്ങനാശ്ശേരി പൊലീസും പ്രതികളെ കസ്റ്റഡിയിലെടുത്തത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഓണം സീസണ്‍ പ്രമാണിച്ച് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ലഹരി പരിശോധന വ്യാപകമാക്കാനാണ് പൊലീസിന്റേയും എക്‌സൈസിന്റേയും തീരുമാനം. ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക ലഹരി മരുന്നുകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.

കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ നിന്ന് കൊണ്ടുവരുന്നതും അടുത്തിടെയായി വ്യാപകമായി കേരളത്തില്‍ പിടികൂടുന്നുണ്ട്. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും പരിശോധനയുണ്ടാകും.