''മൂന്നക്ഷരവും ഒരു മുറുക്കും കൈവശമുണ്ടെങ്കിൽ നിങ്ങൾക്ക് എന്തും നേടാമെന്ന് പണ്ടെന്നെ പഠിപ്പിച്ച സഹൃദയനായ അദ്ധ്യാപകൻ തമാശപോലെ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്. നിങ്ങൾക്കാർക്കെങ്കിലും അപ്രകാരമെന്തെങ്കിലും ഓർമ്മയുണ്ടോ? എങ്ങനെ ഓർക്കാനാ അല്ലേ? ദിവസവും എന്തൊക്കെ കാര്യങ്ങളാണ് കേൾക്കുന്നത്! എല്ലാം ഓർക്കാനാകുമോ, കാര്യമുള്ളവ പോലും ശ്രദ്ധിക്കാനാവുന്നില്ല, പിന്നെയെങ്ങനെയാണ് തമാശ ഡയലോഗുകൾ അല്ലേ? ഇങ്ങനെയൊക്കെ ആയിരിക്കുമല്ലോ നിങ്ങൾ ചിന്തിച്ചുകൂട്ടുന്നത്! കുഴപ്പമില്ല, ആ മാജിക് വാക്ക് ഏതെന്ന് ഞാൻ തന്നെ പറഞ്ഞേക്കാം, 'സ്വാധീനം"! ഇതിലെ മൂന്നക്ഷരവും അവസാനത്തെ മുറുക്കും കണ്ടോ? സംഗതി ശരിയാണോ!"" പ്രഭാഷന്റെ ചോദ്യോത്തരങ്ങൾ തങ്ങൾ ശരിക്കും ആസ്വദിച്ചു എന്നതരത്തിൽ കൂട്ടച്ചിരിയായിരുന്നു സദസിൽ നിന്നുയർന്നത്. ചെറുപുഞ്ചിരിയോടെ സദസ്യരെയാകെ വാത്സല്യപൂർവം നോക്കികൊണ്ട് പ്രഭാഷകൻ തുടർന്നു:
''സ്വാധീനമെന്നയീ ജാലവിദ്യ, 'മിടുക്കുള്ളവർ" കാര്യസാദ്ധ്യത്തിനായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ എത്രയായിയെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? നമ്മുടെ ആദികാവ്യത്തിന്റെ കഥാഗതിതന്നെ മാറ്റിയത്, ദശരഥ മഹാരാജാവിൽ അദ്ദേഹത്തിന്റെ മൂന്നാം ഭാര്യ കൈകേയിക്കുണ്ടായിരുന്ന കടുത്ത സ്വാധീനമായിരുന്നില്ലേ? അയോദ്ധ്യയിൽ തന്റെ ഏറ്റവും യോഗ്യനായ പ്രിയപുത്രൻ ശ്രീരാമചന്ദ്രന്റെ കിരീടധാരണ മുഹൂർത്തം, രാമൻ ജനിച്ചനാൾ മുതൽ ദശരഥൻ സ്വപ്നം കണ്ടതായിരുന്നില്ലേ! എന്നിട്ടെന്തായി? ശ്രീരാമനെ രാജാവാക്കിയില്ലെന്നു മാത്രമല്ല, ഒരു വ്യാഴവട്ടക്കാലത്തെ വനവാസമായിരുന്നല്ലോ വിധിച്ചത്! 'വരം" ദുര്യുപയോഗപ്പെടുത്തി നടത്തിയ ദുഷ്ടസ്വാധീനങ്ങൾ എത്ര വലിയ വിപത്താണുണ്ടാക്കിയത് എന്നു മാത്രംചിന്തിക്കുക. ഇപ്പോൾ, മനസിലായോ'സ്വാധീന'ത്തിന്റെ പഴക്കമെത്രയാണെന്നും, അതിന്റെ ശക്തിയെന്താണെന്നും! രാമായണം കഥ പറഞ്ഞതുകൊണ്ട് 'സ്വാധീന"ത്തെ രാമായണ കാലയളവിൽ പരിമിതപ്പെടുത്തുകയാണെന്നു ധരിക്കരുത്. 'സ്വാധീന"ത്തിൽപ്പെടുത്തി വീഴ്ത്താൻ ശ്രമിക്കുന്നത് മിക്കപ്പോഴും പ്രബലരായ വ്യക്തികളെയായിരിക്കുമല്ലോ! അയ്യായിരം കൊല്ലങ്ങൾക്കു മുൻപുള്ള രാജാവിന്റെ കഥ നമ്മൾ കണ്ടു.
ഇന്നിപ്പോൾ രാജാക്കന്മാരില്ലെങ്കിലും അവരെപോലെയുള്ള പ്രബലന്മാരുണ്ടല്ലോ? എന്നാൽ 'സ്വാധീനം"പിടിമുറുക്കുന്നത് ഈ പ്രബലന്മാരുടെ ദൗർബല്യങ്ങളിലാണ്. ചിലർ അതിൽ വീണുപോകുന്നതോടെ കഥയും കഴിയും! ദൗർബല്യം പലർക്കും പലതാണല്ലോ. ചിലർക്ക് ധനമായിരിക്കാം മറ്റുചിലർക്ക് മദ്യമാണെങ്കിൽ, ചില വീരകേസരിമാർ ചഞ്ചലാക്ഷിമാരിൽ വീണിരിക്കും! അപൂർവം ചില വീരന്മാർക്ക് ഇവിടെ വർണ്ണിച്ചതിലെല്ലാം ദൗർബല്യം സുലഭമാണെന്ന് 'മിടുക്കന്മാർ" ഗ്രഹിക്കുന്നു! അവർ, വളരെ തന്ത്രപൂർവ്വം പ്രബലരുടെ ദൗർബല്യത്തെ തങ്ങളുടെ സ്വാധീന വലയത്തിലിട്ട് ഒരു യന്ത്രമനുഷ്യനെപ്പോലെ കൈകാര്യം ചെയ്യുന്നു. ചിലർ കണ്ടാൽ പഠിക്കും. മറ്റു ചിലർകൊണ്ടാലും പഠിക്കില്ല! അപ്പോൾ ഉന്നതൻ കുടുങ്ങിയ വാർത്തവരും. അങ്ങനെ കുരുങ്ങിയാൽ, കുരുക്കാരഴിക്കും? ആരഴിക്കാനാ? കക്കാനല്ലേ അറിയൂ, നിൽക്കാനറിയില്ലല്ലോ! കുരുട്ടുവഴികളും, കുറുക്കുവഴികളും എപ്പോഴും അപകടം പതിയിരിക്കുന്നവയാണെന്ന് തിരിച്ചറിയുക. നാനാവഴിയിലൂടെ ഈ പ്രബലനെ സ്വാധീനിച്ചവർ തന്നെ ചതിക്കുമെന്നും ഈ പ്രബല മണ്ടന്മാർക്കറിയില്ല! നോക്കണേ നമ്മുടെ മൂന്നക്ഷരങ്ങളും ഒരു മുറുക്കും ചെയ്യുന്ന മുട്ടൻ പണി!""ഇപ്രകാരം പ്രഭാഷകൻ പറഞ്ഞു നിറുത്തുമ്പോൾ സദസ്യരിലധികം പേരും കുലുങ്ങിച്ചിരി മത്സത്തിൽ പങ്കെടുത്ത മാനസികാവസ്ഥയിലായിരുന്നു!