assam

വിശാഖപട്ടണം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ 13കാരിയായ അസം സ്വദേശി തസ്മിനെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി. 37 മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്.

താംബരം എക്‌സ്പ്രസില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലെത്തിയ പെണ്‍കുട്ടി ഇവിടെ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു.വിവിധ സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ പൊലീസ് പരിശോധന നടത്തിവരികയായിരുന്നു.

പെണ്‍കുട്ടി ആഹാരം കഴിക്കാത്തതിനാല്‍ തന്നെ ക്ഷീണിതയാണെന്നും വിവരമുണ്ട്. ട്രെയിനിലെ ബര്‍ത്തില്‍ കിടക്കുകയായിരുന്നു പെണ്‍കുട്ടി. വീട്ടില്‍ നിന്ന് വഴക്ക് കൂടിയതിനെത്തുടര്‍ന്ന് പിണക്കം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അന്‍വര്‍ ഹുസൈന്റെ മൂത്തമകള്‍ തസ്മിന്‍ ബീഗത്തെയാണ് കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോള്‍ അമ്മ ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു.

പെണ്‍കുട്ടി ചെന്നൈയില്‍ നിന്ന് അസാമിലേക്ക് പോകാന്‍ സാദ്ധ്യതയുണ്ടെന്നും നേരത്തെ സൂചനയുണ്ടായിരുന്നു. ഗുവാഹത്തി എക്‌സ്പ്രസ് ഇന്ന് രാവിലെ 10.45ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടി ഈ ട്രെയിനില്‍ കയറിയോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചിരുന്നു .പെണ്‍കുട്ടി ചെന്നൈ - എഗ്മൂര്‍ എക്‌സ്പ്രസില്‍ കയറിയ കാര്യം പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.

കുട്ടി മൂന്നു പ്രാവശ്യം ട്രെയിന്‍ കയറി ഇറങ്ങിയെന്നും ട്രെയിന്‍ പുറപ്പെടുന്നതിന് അല്പം മുമ്പ് ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസില്‍ കയറിയെന്നും പൊലീസ് വ്യക്തമാക്കി.യാത്ര ചെയ്യുന്നതിനിടെ കുട്ടി ട്രെയിനില്‍ നാഗര്‍കോവില്‍ സ്റ്റേഷനില്‍ ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

ഇന്നലെ വൈകിട്ട് 3.03ന് കുട്ടി നാഗര്‍കോവിലിലെ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയതായും കുപ്പിയില്‍ വെള്ളം എടുത്തശേഷം അതേ വണ്ടിയില്‍ തിരികെ കയറിയെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കന്യാകുമാരിയിലുണ്ടെന്ന നിഗമനത്തില്‍ അവിടെത്തെ റെയില്‍വേ സ്റ്റേഷനും ബീച്ചിലും മറ്റിടങ്ങളിലുമെല്ലാം പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.