highcourt

കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി . ​ റിപ്പോർട്ട് പൂർ‌ണമായും പുറത്തുവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശിയും പൊതുപ്രവർത്തകനുമായ പായ്‌ച്ചിറ നവാസാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്,​ ജസ്റ്റിസ് എസ്. മനു എന്നിവരാണി ഹർജി പരിഗണിക്കുന്നത്.

റിപ്പോർട്ട് പുറത്തുവന്നത് സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമാണ്. ലൈംഗിക കുറ്റകൃത്യങ്ങളാണ് പുറത്തുവരാത്ത റിപ്പോർട്ടിലുള്ളത്. ഇത് പൊതുസമൂഹത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ സെൻസർ ചെയ്യാത്ത ഹേമ കമ്മിറ്റി റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് ഉത്തരവിടണമെന്നും ഹർജി ആവശ്യപ്പെടുന്നു. പൂർണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചുവരുത്തണമെന്നും റിപ്പോർട്ടിൻമേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.