casediary

തിരുവനന്തപുരം: ബീമാപള്ളി സ്വദേശി ഷിബിലിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുട്ടത്തറ സ്വദേശി മുഹമ്മദ് ഇനാദിനെ കുടുക്കിയത് പെണ്‍സുഹൃത്തിന് അയച്ച സന്ദേശം. ഷിബിലിയെ കൊലപ്പെടുത്തിയതിന് ശേഷം നാല് ദിവസമായി ഇനാദ് ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിക്കായി തെരച്ചില്‍ നടത്തിയ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രേസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ േേഫാണ്‍ ഓഫ് ആയതിനാല്‍ ഈ ശ്രമം വിജയിച്ചിരുന്നില്ല.

ഇടയ്ക്ക് ഫോണ്‍ ഓണാക്കിയതായി സിഗ്നല്‍ ലഭിച്ചത് കേസിലെ പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായി. കൈയിലെ പണം തീര്‍ന്നതോടെ പെണ്‍സുഹൃത്തില്‍ നിന്ന് പണം ശേഖരിക്കാനാണ് ഇയാള്‍ ഫോണ്‍ ഓണാക്കി വാട്‌സാപ്പില്‍ സന്ദേശം അയച്ചത്. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. വാട്‌സാപ്പില്‍ സ്ഥിരം സന്ദേശം അയക്കുന്നുണ്ടെന്ന് മനസ്സിലായത് നിരീക്ഷണത്തിലൂടെയാണ്. പണം വാങ്ങാനായി രാത്രി കാമുകിയുടെ വീട്ടിലെത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ലഹരിസംഘത്തിന്റെ സംരക്ഷണത്തിലാണ് പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത്. ഇനാദിന്റെ അനുജനും കേസിലെ ഒന്നാം പ്രതിയുമായ മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തില്‍ ഇനാസിനെ തിരുനെല്‍വേലിയില്‍ നിന്നും, ഇവരുടെ സുഹൃത്തും മൂന്നാം പ്രതിയുമായ സഹീര്‍ഖാനെ ബീമാപള്ളിയിലെ വീട്ടില്‍ നിന്നും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇരുപത്തിയേഴ് ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബീമാപള്ളി സ്വദേശി ഷിബിലിയെ, ബീമാപള്ളി കടപ്പുറത്തിട്ട് സംഘം ചേര്‍ന്നാണ് ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. ഷിബിലിയുടെ സുഹൃത്ത് റിയാസിന്റെ ജ്യേഷ്ഠന്‍ ബാദുഷ ഒരു മാസം മുന്‍പ് ഇനാസിനെ മര്‍ദിച്ചതാണു പ്രശ്‌നങ്ങളുടെ തുടക്കം. ബീമാപ്പള്ളിക്കു സമീപത്തുവച്ചു ഇനാസിനെ ഷിബിലിയും മര്‍ദിച്ചു. ഇനാസ് സഹോദരന്‍ ഇനാദിനെയും സുഹൃത്തിനെയും വിളിച്ചു വരുത്തി ഷിബിലിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.


നെഞ്ചില്‍ ബൈക്ക് കയറ്റിയിറക്കി, എല്ല് തുളഞ്ഞ് ശ്വാസകോശത്തില്‍ കയറി

അതിക്രൂരമായാണ് ഷിബിലിയെ മൂന്നംഗ സംഘം കൊലപ്പെടുത്തിയതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ നിന്നും പ്രതികളുടെ മൊഴികളില്‍ നിന്നും വ്യക്തമായി. ഷിബിലിയെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം നിലത്തിട്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇടറോഡിലൂടെ കടപ്പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടെയിട്ടും മര്‍ദ്ദിച്ച് അവശനാക്കി. കലി തീരാതെ ഷിബിലിയുടെ നെഞ്ചിലൂടെ പലതവണ ബൈക്ക് ഓടിച്ചുകയറ്റി. ഇതേതുടര്‍ന്ന് നെഞ്ചിലെ എല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയാണ് ഷിബിലി മരിച്ചത്. ഷിബിലിയുടെ നെഞ്ചിലൂടെ ബൈക്ക് ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തി പലര്‍ക്കും അയച്ചതായും പൊലീസ് കണ്ടെത്തി.