finance

ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്നത് 73,000 കോടി രൂപയുടെ വാഹനങ്ങള്‍

കൊച്ചി: കാര്‍ വില്പന മന്ദഗതിയിലായതോടെ രാജ്യത്തെ വാഹന ഡീലര്‍മാര്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഫാക്ടറികളിലെ ഉത്പാദനം കൂടുന്നതിന് അനുസരിച്ച് റീട്ടെയില്‍ വില്പന മെച്ചപ്പെടാത്തതാണ് വിപണിയില്‍ അനിശ്ചിതത്വം ശക്തമാക്കുന്നത്. ഡീലര്‍ഷിപ്പുകളില്‍ വില്പന നേടാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ്. ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ(എഫ്.എ.ഡി.എ) കണക്കുകളനുസരിച്ച് നിലവില്‍ 73,000 കോടി രൂപയിലധികം മൂല്യമുള്ള ഏഴ് ലക്ഷം വാഹനങ്ങളാണ് ഡീലര്‍മാരുടെ പക്കല്‍ വില്‍ക്കാതെ അവശേഷിക്കുന്നത്.

ജൂലായ് മാസത്തിന്റെ തുടക്കത്തില്‍ 65 മുതല്‍ 67 ദിവസം വരെയാണ് വാഹന വില്പനയ്ക്ക് സമയമെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ വില്പനയ്‌ക്കെടുക്കുന്ന സമയം 75 ദിവസം വരെ ഉയര്‍ന്നുവെന്ന് എഫ്.എ.ഡി.എ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറയുന്നു. രാജ്യത്തെ പല ഡീലര്‍മാരും തകര്‍ച്ച നേരിടാന്‍ ഇന്‍വെന്ററിയിലെ വര്‍ദ്ധന കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമാവധി 30 ദിവസത്തിനുള്ളില്‍ വില്പന പൂര്‍ത്തിയാക്കുന്ന തരത്തില്‍ കമ്പനികള്‍ ഉത്പാദനം നിജപ്പെടുത്തണമെന്നും എഫ്.എ.ഡി.എ ആവശ്യപ്പെടുന്നു.

വില്പനയില്‍ പത്ത് ശതമാനം വര്‍ദ്ധന

ജൂലായില്‍ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വില്പന പത്ത് ശതമാനം ഉയര്‍ന്ന് 3,20,129 യൂണിറ്റുകളായെന്ന് എഫ്.എ.ഡി.എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷം ഇതേകാലയളവിനേക്കാള്‍ വില്പനയില്‍ 2.5 ശതമാനം ഇടിവാണുണ്ടായത്.

ഉത്പാദനം കുറച്ച് മാരുതി സുസുക്കി

ഡീലര്‍മാരുടെ കൈവശമുള്ള സ്റ്റോക്ക് കുറയ്ക്കുന്നതിനായി ഫാക്ടറികളിലെ ഉത്പാദനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് മാരുതി മോട്ടോര്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ മൂന്ന് മാസങ്ങളില്‍ ഇന്ത്യയിലെ യായ്രാ വാഹനങ്ങളുടെ വില്പന പ്രതീക്ഷിച്ച വളര്‍ച്ച നേടിയില്ലെന്നും കമ്പനി വ്യക്തമാക്കി.