lab

കോഴിക്കോട്: നിറം ചേര്‍ത്ത് ഭക്ഷണം വിറ്റതിനും പഴകിയതും വൃത്തിയില്ലാത്തതുമായ രീതിയില്‍ ഭക്ഷണമുണ്ടാക്കിയതിനുമായി ഈ വര്‍ഷം ( ജനുവരി - ജൂലായ് ) ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ ചുമത്തിയത് 24,68,500 രൂപ പിഴ. 3809 പരിശോധനകളിലായി 580 സ്ഥാപനങ്ങളുടെ പേരില്‍ നടപടിയെടുത്തു. നിറം ചേര്‍ത്തതിനാണ് ഏറ്റവും കൂടുതല്‍ പിഴയിട്ടിട്ടുള്ളത്.

ഹോട്ടലുകളും ബേക്കറികളും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുക, ആഹാരസാധനങ്ങള്‍ അടച്ചുവയ്ക്കാതിരിക്കുക, ഈച്ചശല്യം ഒഴിവാക്കാതിരിക്കുക, വെള്ളം ഒഴിഞ്ഞുപോകാന്‍ കൃത്യമായ സംവിധാനം ഇല്ലാതിരിക്കുക, ഫ്രീസര്‍ വൃത്തിയായി സൂക്ഷിക്കാതിരിക്കുക എന്നീ കാരണങ്ങള്‍ക്കാണ് പിഴയീടാക്കിയിട്ടുള്ളത്. ബിരിയാണി, കുഴിമന്തി, ചിക്കന്‍ ഫ്രൈ, ചില്ലിചിക്കന്‍, ബീഫ് ഫ്രൈ എന്നിവയിലൊക്കെ നിറം ചേര്‍ത്ത് വില്‍പ്പന നടത്തുന്നുണ്ട്. ടാര്‍ട്രസിന്‍ പോലുള്ള നിറങ്ങളാണ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത്. കരള്‍, വൃക്ക എന്നിവയെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് ഈ നിറം. ബേക്കറി ഉത്പന്നങ്ങളില്‍ അനുവദനീയമായ അളവില്‍ നിറം ചേര്‍ക്കാം പക്ഷേ അത് പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂലായ് വരെ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധന

( പരിശോധന, നടപടി, സാംപിള്‍ , പിഴ)

ജനുവരി - 483, 149, 583, 6,25,500

ഫെബ്രുവരി - 498, 105, 561, 4,15,000

മാര്‍ച്ച് - 828, 40, 534, 1,77,000

ഏപ്രില്‍ - 483, 37, 491, 1,57,500

മേയ് - 536, 106, 496, 4,84,500

ജൂണ്‍ - 436, 77 , 468, 3,49,000

ജൂലായ് - 545, 66, 428, 2,60,000

ആകെ - 3809, 580, 3601, 24,68,500

ഹോട്ടലുകളും ബേക്കറികളും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനാണ് പിഴയീടാക്കിയിട്ടുള്ളത്. മറ്റു നടപടികളുമായി മുന്നോട്ടുപോവും

എ. സക്കീര്‍ഹുസൈന്‍, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍

സ്‌കൂളുകളില്‍ 'ഷുഗര്‍ ബോര്‍ഡ്'പദ്ധതിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കോഴിക്കോട്: കൗമാരക്കാര്‍ക്കിടയില്‍ പ്രമേഹ വ്യാപനവും ജീവിതശൈലി രോഗങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷുഗര്‍ ബോര്‍ഡ് പ്രകാശനം ചെയ്തു. ഈറ്റ്‌റൈറ്റ് സ്‌കൂളിന്റെ ഭാഗമായി നടക്കാവ് ജി.വി.എച്ച്.എസ്.എസില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.

അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദയരോഗങ്ങള്‍, ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ എന്നിവക്ക് കാരണമാകാം. ഒരു ദിവസം പരമാവധി മൂന്ന് ടീ സ്പൂണ്‍ (15 ഗ്രാം) പഞ്ചസാര വരെയാണ് ഐ.സി.എം.ആര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ 300 മില്ലി ലഘുപാനീയത്തിലൂടെ 30ഗ്രാം മുതല്‍ 40ഗ്രാം വരെ പഞ്ചസാര നമ്മുടെ ശരീരത്തില്‍ അധികമായി എത്തും. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ലഘുപാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോര്‍ഡ് (ഷുഗര്‍ ബോര്‍ഡ്) സ്‌കൂളുകളില്‍ സ്ഥാപിച്ച് കുട്ടികളില്‍ പഞ്ചസാരക്കെതിരെ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്‌കൂളുകളുമായി സഹകരിച്ച് ജില്ലയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ എ.സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഗിരീഷ് കുമാര്‍, അര്‍ജുന്‍.ജി.എസ് എന്നിവര്‍ സംസാരിച്ചു.