pic

ലോസ് ആഞ്ചലസ് : ഹോളിവുഡ് നടൻ ബെൻ അഫ്ലെക്കും നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസും വേർപിരിഞ്ഞു. ഇരുവരും തമ്മിലെ അകൽച്ച ഏറെ നാളായി വാർത്തകളിൽ ഇടംനേടിയിരുന്നു. ആഗസ്റ്റ് 20ന് ജെന്നിഫർ ലോസ് ആഞ്ചലസിലെ കൗണ്ടി സുപ്പീരിയർ കോടതിയിൽ വിവാഹ മോചന ഹർജി ഫയൽ ചെയ്തെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ഏപ്രിലിൽ തങ്ങൾ വേർപിരിഞ്ഞതായി ജെന്നിഫർ ഹർജിയിൽ പറയുന്നു.

2022 ജൂലായിലാണ് ഇരുവരും വിവാഹിതരായത്. ജോർജിയയിൽ വച്ച് നടന്ന ഇരുവരുടെയും പരമ്പരാഗത വിവാഹത്തിന്റെ രണ്ടാം വാർഷികമായിരുന്നു ആഗസ്റ്റ് 20. 2002ൽ പ്രണയത്തിലായ ഇരുവരുടെയും വിവാഹ നിശ്ചയം അക്കാലയളവിൽ നടന്നിരുന്നു. 2003ൽ വിവാഹിതരാകാൻ പദ്ധതിയിട്ടെങ്കിലും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇരുവരും പിരിഞ്ഞു.

പിന്നാലെ, ജെന്നിഫർ ഗായകൻ മാർക്ക് ആന്റണിയെ വിവാഹം ചെയ്തു. ജെന്നിഫറിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. ഈ ബന്ധത്തിൽ ഇരട്ടക്കുട്ടികളുണ്ട്. ബെൻ നടി ജെന്നിഫർ ഗാർനറിനെയും വിവാഹം ചെയ്തു. ഇരുവർക്കും മൂന്ന് മക്കളുണ്ട്. 2014ൽ ജെന്നിഫറും മാർക്കും വേർപിരിഞ്ഞു. ബെന്നും ഗാർനറും 2018ലും ബന്ധം അവസാനിപ്പിച്ചു. ഇതോടെ 2021ൽ ബെന്നും ജെന്നിഫറും വീണ്ടും ഒന്നിക്കുകയായിരുന്നു.