woman

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. നേപ്പാൾ പൗരത്വമുള്ള ഇരുപത്തിമൂന്നുകാരിയാണ് പരാതി നൽകിയത്. തൃശൂർ സ്വദേശിയാണ് യുവതിയുടെ കാമുകൻ. യുവതിയെക്കൊണ്ട് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിപ്പിക്കുകയും ചെയ്തു.

ഖത്തറിൽ ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും തമ്മിൽ പരിചയത്തിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് യുവതിയെ ഗർഭിണിയാക്കുകയായിരുന്നു. അബോർഷൻ നടത്തിയാൽ വിവാഹം കഴിക്കാമെന്ന് ഇയാൾ പറഞ്ഞു.

തുടർന്ന് യുവതിയുടെ അച്ഛന്റെ നാടായ നാഗാലാന്റിലെത്തിച്ച് ഗർഭഛിദ്രം നടത്തി. യുവതിയെ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. യുവതിയെ തൃശൂരിലെ ഒരു ഹോസ്റ്റലിൽ താമസിപ്പിച്ചു. ശേഷം വിവാഹം കഴിക്കാമെന്ന വാക്കുമാറ്റി ഇയാൾ ഖത്തറിലേക്ക് മുങ്ങി.

നാഗാലാന്റിലെ പ്രാദേശിക ഗോത്രവർഗ സമുദായ അംഗമാണ് യുവതിയുടെ പിതാവ്. നേപ്പാൾ സ്വദേശിനിയായ അമ്മയുടെ പൗരത്വമാണ് യുവതിക്ക് ലഭിച്ചത്. സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിച്ചാൽ തമ്മിൽ വിവാഹം കഴിക്കണമെന്നാണ് യുവതിയുടെ സമുദായത്തിലെ നിയമം. ഇല്ലെങ്കിൽ ഊരുവിലക്കും. നിയമപരമായി വിവാഹമോചനം നേടിയതിന്റെ രേഖകൾ കാണിച്ചാൽ മാത്രമേ തിരികെ ഊരിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.

അതിനാൽത്തന്നെ യുവാവിന്റെ പണമോ, സ്വത്തോ തനിക്ക് വേണ്ടെന്നും വിവാഹം കഴിച്ചശേഷം വിവാഹ മോചനം മതിയെന്നുമുള്ള നിലപാടിലാണ് യുവതി. ഇത് കിട്ടിയാൽ മാത്രമേ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിക്കുകയുള്ളൂവെന്ന് യുവതി പറയുന്നു.