കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെളിവുകൾ വിളിച്ചുവരുത്തണമെന്നും നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം സ്വദേശിയും പൊതുപ്രവർത്തകനുമായ പായ്‌ച്ചിറ നവാസാണ് ഹർജി നൽകിയത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരാണ് ഹർജി പരിഗണിക്കുന്നത്. 11 മണിയോടെ ഹർജി പരിഗണമിക്കുമെന്നാണ് വിവരം.
റിപ്പോർട്ട് പുറത്തുവന്നത് സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമാണ്. ലൈംഗിക കുറ്റകൃത്യങ്ങളാണ് പുറത്തുവരാത്ത റിപ്പോർട്ടിലുള്ളത്. ഇത് പൊതുസമൂഹത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ സെൻസർ ചെയ്യാത്ത ഹേമ കമ്മിറ്റി റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് തിങ്കളാഴ്‌ചയാണ് പുറത്തുവന്നത്. 235 പേജുകളാണ് പുറത്തുവിട്ടത്. ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവിടാമെന്ന് അടുത്തിടെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. മൊഴി നൽകിയവരുടെയും മറ്റും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി അപേക്ഷകർക്ക് പകർപ്പ് നൽകാനുള്ള വിവരാവകാശ കമ്മിഷന്റെ തീരുമാനം കോടതി ശരിവയ്ക്കുകയായിരുന്നു. 2019 ഡിസംബർ 31നാണ് ഹേമ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചത്.