upi-transaction

ഇന്ന് എന്തിനും ഏതിനും ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. ഇത്തരം ആപ്പുകളുടെ ബലത്തിൽ കൈയിൽ ഒരുരൂപ പോലും എടുക്കാനില്ലാതെ പുറത്തിറങ്ങുന്നവരുമുണ്ട്. ആപ്പുകൾ പണിമുടക്കി ഇവർക്ക് പണികൊടുക്കാറുമുണ്ട്. നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ, ബാങ്കിലെ ഇടപാട് പ്രശ്‌നങ്ങൾ എന്നിവയാണ് ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നവർ കൂടുതലായും നേരിടുന്ന പ്രതിസന്ധികൾ. എന്നാൽ ഇവയൊന്നുമല്ലാത്ത പുതിയ പ്രശ്‌നങ്ങളിൽ ഇരകളാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്നാണ് റിപ്പോർട്ട്.

യുപിഐ പേയ്‌മെന്റ് ആപ്പുകളിലൂടെ സ്ത്രീകൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്നും ലൈംഗിക താത്‌പര്യങ്ങളോടെ സ്ത്രീകളെ സമീപിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്നുമാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. യുപിഐ ആപ്പുകളിലൂടെ പണമിടപാട് നടത്തുമ്പോൾ അപരിചിതരായ ആളുകൾക്കും ഫോൺ നമ്പർ ലഭിക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഇത്തരം പേയ്‌മെന്റുകളിലൂടെ സ്‌ത്രീകളുടെ നമ്പർ ലഭിക്കുമ്പോൾ ചിലർ ഇത് ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതികൾ ഉയരുന്നത്.

ബംഗളൂരുവിൽ നിന്നുള്ള 18കാരിയായ ദിക്ഷ നേരിട്ട ലൈംഗികാതിക്രമം സംബന്ധിച്ച സമൂഹമാദ്ധ്യമ പോസ്‌റ്ര് ഇപ്പോൾ വൈറലാവുകയാണ്. ഒരു വർഷം മുൻപ് ജിപേ സ്‌കാനറും യുപിഐ ഐഡിയും ഉൾപ്പെട്ട ഒരു ട്വീറ്റ് ദിക്ഷ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വിവാഹിതനായ 44കാരനായ ഒരാൾ നിരന്തരമായി പണമയച്ചും മെസേജ് അയച്ചും നഗ്ന ചിത്രങ്ങൾ അയച്ചും തന്നെ ശല്യം ചെയ്യുന്നുവെന്നാണ് ദിക്ഷ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. കിഷോർ കോത്താരി എന്നയാളുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ കുറിപ്പാണ് പെൺകുട്ടി പങ്കുവച്ചത്. ട്വീറ്റ് ഇതുവരെ മൂന്ന് ദശലക്ഷത്തോളം പേരാണ് കണ്ടത്.

ഊബർ, ഒല തുടങ്ങിയ ആപ്പുകളിലൂടെ യാത്ര ബുക്ക് ചെയ്യുമ്പോഴും യാത്ര ചെയ്ത് കഴിയുമ്പോഴും പലരും ശല്യം ചെയ്യുന്നുവെന്നും പരാതികളുണ്ട്. സ്ത്രീകളാണ് കൂടുതലായും ഇത്തരം അതിക്രമങ്ങൾ നേരിടുന്നത്. യാത്രയ്ക്ക് ശേഷം മിക്കവരും യുപിഐ പേയ്‌മെന്റാവും നടത്തുക. ഇങ്ങനെ ലഭിക്കുന്ന സ്ത്രീകളുടെ ഫോൺ നമ്പരിലേയ്ക്ക് വിളിച്ചും മെസേജ് അയച്ചുമാണ് ശല്യം ചെയ്യുന്നത്.

ഇന്ത്യയിൽ യുപിഐ പണമിടപാടുകൾ ദിനംപ്രതി വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചെറുപ്പക്കാരാണ് കൂടുതൽ ഉപഭോക്താക്കളും. ഓരോ മണിക്കൂറിലും ഒന്നേമുക്കാൽ കോടിയോളം യുപിഐ പണമിടപാടാണ് നടക്കുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവർഷത്തേക്കാൾ 50 ശതമാനം വർദ്ധനവുണ്ടായി.

യുപിഐ ഇടപാടുകളുടെ മറവിൽ ഓൺലൈൻ തട്ടിപ്പുകളും വ്യാപകമാവുന്നുണ്ട്. 2024 മാർച്ച് അവസാനത്തോടെ, ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പ് അഞ്ചിരട്ടിയിലധികം വർദ്ധിച്ച്, പ്രതിവർഷം 14.57 ദശലക്ഷം എത്തിയതായി ആർബിഐ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുപിഐ പണമിടപാടിൽ 137 ശതമാനം വർദ്ധനവാണുണ്ടായത്. ഇത് ഫിഷിംഗ്, വ്യാജ ഡിജിറ്റൽ ലോൺ ആപ്ലിക്കേഷനുകൾ, സെക്‌സ്റ്റോർഷൻ തുടങ്ങിയ തട്ടിപ്പുകൾക്ക് ഉപയോക്താക്കളെ ഇരയാക്കുന്നുവെന്നാണ് റിപ്പോർട്ട്.

എന്നാൽ ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ ഒരാളുടെ ഫോൺ നമ്പർ പങ്കുവയ്ക്കാതിരിക്കാവുകയുമില്ല. അപരിചിതരായവർക്ക് പണമിടപാട് നടത്തുമ്പോൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളോ പണമായോ നൽകുക മാത്രമാണ് ഏക പോംവഴി. ശല്യം അധികമാവുകയാണെങ്കിൽ പൊലീസിൽ പരാതിപ്പെടുകയും ചെയ്യാം.