sikh

കൊച്ചി: സിഖ് സമുദായത്തിന്റെ കേരളത്തിലെ രണ്ടാമത്തെ ഗുരുദ്വാരയ്ക്ക് തിരുവനന്തപുരം കരമനയിൽ ഈ വർഷം തറക്കല്ലിടും. ശാസ്ത്രിനഗറിൽ സർക്കാർ പാട്ടത്തിന് നൽകിയ 25 സെന്റ് സ്ഥലത്താണ് 'ഗുരുദ്വാര ഗുരു നാനാക് ദർബാർ' എന്നു നാമകരണം ചെയ്ത ആരാധനാലയം ഒരുങ്ങുക. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ മുപ്പതോളം കുടുംബങ്ങളുണ്ട്. നിലവിൽ എറണാകുളം തേവരയിലുള്ള 'ഗുരുദ്വാര ശ്രീഗുരുസിംഗ് സഭ'യിലാണ് പ്രാർത്ഥനയ്ക്ക് പാേകുന്നത്. പ്രായമായവർക്കടക്കം ഇതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സർക്കാരിലേക്ക് അപേക്ഷിച്ചത്. കരമനയിൽ സ്ഥലമനുവദിച്ച് 2022ൽ മന്ത്രിസഭാ തീരുമാനമായി.

ആദ്യ സിഖ് ഗുരുവായ ഗുരു നാനാക് 1512-ാം ആണ്ടിൽ സിലോണിൽനിന്ന് തിരുവനന്തപുരത്തും എത്തിയതായി ചരിത്രരേഖയുണ്ട്. അതിനാൽ കരമനയിലെ ഗുരുദ്വാര കേന്ദ്രീകരിച്ച് തീർത്ഥാടനടൂറിസവും ലക്ഷ്യമിടുന്നുണ്ട്.

പണി പൂർത്തിയാകുമ്പോൾ ഏതു മതസ്ഥർക്കും ആരാധനയ്ക്കെത്താം. സുവർണക്ഷേത്രത്തിലേതുപോലെ ദിനവും അന്നദാനവുമുണ്ടാകും. വൈക്കം സത്യാഗ്രഹസമരകാലത്ത് സിഖുകാരാണ് സമരഭടന്മാർക്ക് ചപ്പാത്തിയും പരിപ്പുകയറിയും പാകംചെയ്ത് നൽകിയിരുന്നത്.

ഗുരുദ്വാര രണ്ടുനിലകളിൽ

രണ്ടുനിലകളിലായി 9000 ചതുരശ്രയടി വിസ്തീർണത്തിലാകും 'ഗുരുദ്വാര ഗുരു നാനാക് ദർബാർ'. ദർബാർഹാൾ കൂടാതെ മുറികൾ, സമൂഹഅടുക്കള, ലൈബ്രറി, ഡിസ്പെൻസറി തുടങ്ങിയവ ഉണ്ടാകും.

തിരുവനന്തപുരത്തെ സിഖ് സമൂഹത്തിൽ ശാസ്ത്രജ്ഞരും ഐ.ടി ഉദ്യോഗസ്ഥരും ഡോക്ടർമാരും ബിസിനസുകാരും ഉൾപ്പെടുന്നു.

''ആരാധനാലയമെന്നത് രണ്ടരപ്പതിറ്റാണ്ടായി തിരുവനന്തപുരത്തെ സിഖ് സമൂഹത്തിന്റെ ആവശ്യമായിരുന്നു. അതിന് സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവരോട് നന്ദിയുണ്ട്.''

- അമർജിത് സിംഗ്,

തിരുവനന്തപുരം

ഗുരുദ്വാര സ്ഥാപകാംഗം