ഭർത്താവിന്റെ ചിതയിൽ ഭാര്യ കൂടി ജീവത്യാഗം ചെയ്യുന്ന 'സതി" എന്ന ദുരാചാരം കേരളത്തിൽ നടന്നിട്ടുണ്ടോ? 1829 കാലത്ത് രാജാറാം മോഹൻ റോയിയുടെ പ്രക്ഷോഭത്തെത്തുടർന്ന് ബ്രിട്ടീഷുകാർ 'സതി" നിരോധിച്ചതല്ലേ? രാജകുലജാതരായ രജപുത്ര വനിതകളല്ലേ അതിലധികവും ഇരകളായിരുന്നത്? എല്ലാം ശരിയാണ്. എങ്കിലും 'സതി" സമ്പ്രദായം ഒളിഞ്ഞും തെളിഞ്ഞും പിന്നെയും തുടർന്നുപോന്നിരുന്നു എന്നതാണ് കൂടുതൽ ശരി. അങ്ങനെയൊരു ശരി ഒരുവേള കേരളത്തിലും സംഭവിച്ചിട്ടുണ്ടാകാം. കായംകുളത്തെ സതിക്കല്ലും ക്ഷേത്രവും ആ സംശയത്തിന് ബലമേകുന്നതാണ്.
കായംകുളത്തെ ഗൗഡ സാരസ്വതരുടെ വിഠോബാ ക്ഷേത്രത്തിന് തൊട്ടു വടക്കുഭാഗത്താണ് സതിക്കല്ലുള്ളത്. എരുവ റോഡിന്റെ വശത്തുള്ള ഉയർന്ന പടിഞ്ഞാറേ പുരയിടത്തിൽ, മരക്കൂട്ടത്തിനു നടുവിലുള്ള ഈ സതിക്കല്ലിനെക്കുറിച്ച് കായംകുളംകാരിൽത്തന്നെ പലർക്കും അറിയില്ലെങ്കിലും, ആഫ്രിക്കയിൽ നിന്നുവരെ ചരിത്ര ഗവേഷകർ ഇവിടെ വന്ന് പഠനങ്ങൾ നടത്തിയിട്ടുണ്ട്. കായംകുളത്തെ ഗൗഡസാരസ്വതർ എന്ന കൊങ്ങിണിമാർ ഈ സതിക്കല്ലിനെ ആരാധിക്കുന്നു. അവർ 'ചിന്നമസ്തായി" (ഛിന്നമസ്ത) എന്ന ദേവതയായിട്ടാണ് ഈ കല്ലിനെ പൂജിക്കുന്നത്. താന്ത്രിക ശക്തിയുള്ള മരണദേവതയാണ് ചിന്നമസ്ത. മഹാദേവിയുടെ രൗദ്ര ഘോര രൂപം. ഒരുകൈയിൽ വെട്ടിയെടുത്ത ശിരസും മറുകൈയിൽ അരിവാൾ പോലുള്ള ആയുധവുമേന്തി രക്തം തെറിപ്പിച്ചുനിൽക്കുന്ന ശിരസില്ലാത്ത (ഛിന്ന) നഗ്നരൂപം. ചിന്നമസ്ത, മസ്തായി ആയത് കൊങ്ങിണിഭാഷയിലെത്തിയപ്പോഴാണ്. ആയിക്ക് വാത്സല്യമുള്ള അമ്മ, അമ്മൂമ്മ എന്നൊക്കെയാണ് അർത്ഥം.
ഒരു പീഠത്തിലാണ് രണ്ടടി പൊക്കമുള്ള കല്ല് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതൊരു ക്ഷേത്രമാണെങ്കിലും ക്ഷേത്രത്തിന്റെ എടുപ്പുകളൊന്നുമില്ല. ഓണാട്ടുകരയിലെ കുര്യാലകളുടെ ഏതാണ്ടൊരാകൃതി. എങ്കിലും വിസ്തരിച്ചുള്ള ചുറ്റുമതിലും ആർച്ച് കെട്ടിയ കവാടവുമുണ്ട്. സതിക്കല്ലിനു സമീപം ഇടതുഭാഗത്ത് നാഗരാജാവിന്റെ ചിത്രകൂടവും പിന്നിൽ ദുർഗയെ സങ്കല്പിച്ചുള്ള ശിലാപീഠവുമുണ്ട്. മേൽക്കൂരയില്ലാത്ത സതിക്കല്ല് എന്ന 'ചിന്നമസ്തായി" ആരുടേതാകാം? ഇതിന് വ്യക്തമായൊരു ഉത്തരം നൽകാൻ ഇന്നുള്ളരിൽ പലർക്കും കഴിയുന്നില്ല.
കമ്മത്ത് കുടുംബത്തിന്റെ വകയായ ഈ ഭൂമിയുടെ അവകാശിയായ വ്യക്തിയുടെ ആകസ്മിക മരണത്തിൽ മനംനൊന്ത്, ഗർഭിണിയായ ഭാര്യ ഉടനടി ചിതയിൽ ആത്മാഹുതി ചെയ്തതാണെന്ന് വിശ്വസിക്കുന്നതായി കമ്മത്ത് കുടുംബവുമായി ബന്ധമുള്ള അഡ്വ. അനീഷ് പറയുന്നു. ഇതേ അഭിപ്രായം തന്നെ ക്ഷേത്ര തന്ത്രിയായ അഭിലാഷ് ഭട്ടിനുമുണ്ട്. കൊങ്ങിണി സമുദായക്കാർക്ക് അനേകം അവാന്തര വിഭാഗങ്ങളുള്ളതിൽ കർഷക ജന്മികളായ ഭൂഉടമകളെയാണ് കമ്മത്ത് എന്നു വിളിക്കുന്നത്. ഈ കമ്മത്ത് കുടുംബവുമായി അടുപ്പമുള്ളവർ ചിലരുണ്ടെങ്കിലും അവരിൽ മുതിർന്നവർ പലരും മറ്റു ദേശങ്ങളിലാണ്.
'സതി" കായംകുളത്ത് നടന്നിട്ട് ഒന്നര നൂറ്റാണ്ടു കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് തന്ത്രി ഭട്ട് വിശദമാക്കുന്നത്. അത് ശരിയാകാനിടയുണ്ട്. കാരണം, ശക്തൻ തമ്പുരാന്റെ കാലത്താണ് (1751-1805) അദ്ദേഹത്തിന്റെ അപ്രീതിക്കു പാത്രമായ ഗൗഡസാരസ്വതരിൽ കുറെപ്പേർ കൊച്ചിയിൽ നിന്ന് ആലപ്പുഴയിലും കായംകുളത്തും എത്തിയത്. അവർ കായംകുളം കമ്പോളത്തിനു സമീപം വിഠോബാ ക്ഷേത്രം പണിതുയർത്തി, അതിനു ചുറ്റുമായി താമസമുറപ്പിച്ചു. അവിടെയാണ് സവർണ സമുദായ സ്ത്രീകൾ മാത്രം അനുഷ്ഠിച്ചിരുന്ന 'സതി" നടന്നതെന്ന് കരുതാം. ഒരുപക്ഷേ, സവർണ വിധവയുടെ അക്കാലത്തെ നരകതുല്യ ജീവിതം ഭയന്നാകാം ഭർത്താവിന്റെ ചിതയിൽ ജീവനൊടുക്കാൻ അവരെ പ്രേരിപ്പിച്ചിരിക്കുക. തല മൊട്ടയടിച്ചും വെള്ളവസ്ത്രം മാത്രം ധരിച്ചും അന്യർക്കു മുന്നിൽ അവലക്ഷണമായി പ്രത്യക്ഷപ്പെടാതെയും മൗനം ഭജിച്ച് ഇരുട്ടറയിൽ കഴിയുന്നതിലും ഭേദം മരണമാണെന്ന അവർക്കു തോന്നുന്നതിനെ കുറ്റപ്പെടുത്താനാവില്ല.
ഉത്തരേന്ത്യയിൽ നിന്ന് തമിഴ്നാട്ടിലേക്കും (അവിടെ അങ്ങിങ്ങായി സതിക്കല്ലുകൾ ഉണ്ട്.) അവിടെനിന്ന് കേരളത്തിലേക്കും കടന്നുവന്ന 'സതി"യുടെ രൗദ്രഭാവങ്ങൾ നീക്കി, അവളെ സാത്വികവൃത്തിയാക്കിയാണ് പൂജ നടത്തുന്നതെന്ന് ക്ഷേത്ര പൂജാരി ഭട്ട് വ്യക്തമാക്കി. ഇവിടെ വിളക്കു വയ്ക്കാറുണ്ടെങ്കിലും നിത്യപൂജയില്ല. നാഗപഞ്ചമി ദിനമാണ് വിശിഷ്ട പൂജ. അവൽ നിവേദ്യവും വടയുമാണ് ശാന്തയായി, മാതൃസ്വരൂപിണിയായി മാറിയ 'ചിന്നമസ്തായി"യുടെ ഇഷ്ട വഴിപാടുകൾ.
ശ്രീവിഠോബാ ക്ഷേത്രത്തിനു ചുറ്റുമായിട്ടായിരുന്നു കായംകുളത്തെത്തിയ ഗൗഡസാരസ്വതരുടെ താമസം. 'വിഠോബ" എന്നത് മറാട്ടി വാക്കാണ്. 'വിഠ്" എന്നതിന് ഇഷ്ടിക എന്നും 'ഉബ" എന്നതിന് നില്ക്കുന്നവൻ എന്നും അർത്ഥം. ഇഷ്ടിക മേൽ (പീഠത്തിൽ) നില്ക്കുന്നവൻ 'വിഠലൻ." 'വി"യ്ക്ക് വിധാതാവ് എന്നും 'ഠ"യ്ക്ക് നീലകണ്ഠൻ എന്നും 'ല"യ്ക്ക് ലക്ഷ്മീകാന്തൻ എന്നും അർത്ഥം നിഷ്പാദിപ്പിക്കാമെന്ന പണ്ഡിതാഭിപ്രായവുമുണ്ട്. അപ്പോൾ, ത്രിമൂർത്തി സങ്കല്പത്തെയാകും 'വിഠലൻ" പ്രതിനിധാനം ചെയ്യുക. ആ വിഠല മൂർത്തിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വിഠോജി നായിക് എന്ന ഭക്തൻ തന്റെ തീർത്ഥാടനത്തിന്റെ ഭാഗമായി പണ്ഡരീപുരത്തു നിന്ന് കൊണ്ടു വന്നതാണത്രേ ഈ വിഗ്രഹം. സ്വന്തം വീട്ടിൽവെച്ച് ആരാധിച്ചെങ്കിലും പിന്നീട് അത് ക്ഷേത്ര പ്രതിഷ്ഠയാക്കി മാറ്റുകയായിരുന്നു. വിഠോജിയുടെ അപേക്ഷ പ്രകാരം കായംകുളം രാജാവാണത്രേ ക്ഷേത്രനിർമ്മിതിക്ക് സഹായം നൽകിയത്.
ഗോവയിൽ നിന്ന് കൊച്ചിയിലേക്കും അവിടെ നിന്ന് കായംകുളം ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും പലായനം ചെയ്ത കൊങ്ങിണി സമുദായക്കാരെ ഇവിടത്തെ ബ്രാഹ്മണർ അംഗീകരിച്ചിരുന്നില്ല. കടൽ കടന്നു വന്നവരെന്ന് മുദ്രചാർത്തി തീണ്ടൽക്കാരായിക്കണ്ട് അവരെ തങ്ങളുടെ ക്ഷേത്രങ്ങളിൽ നിന്ന് അകറ്റിനിറുത്തുകയും ചെയ്തതിനെ തുടർന്നാണ് ഗൗഡസാരസ്വതർ ക്ഷേത്രം നിർമ്മിക്കാൻ സഹായം തേടി കായംകുളം രാജാവിനെ സമീപിച്ചതത്രെ. വിഠോബാ ക്ഷേത്രത്തിലെ ഒരു ടൺ ഭാരമുള്ള കൂറ്റൻ ഓട്ടുമണിയും (പത്തു കിലോമീറ്റർ ദൂരത്തേക്കു വരെ ഇതിന്റെ മുഴക്കം കേൾക്കാം) പ്രാചീന സുന്ദരമായ ചുവർ ചിത്രങ്ങങ്ങളും പവിത്രരഥവും രഥോത്സവവുമെല്ലാം ഐതിഹ്യവും ചരിത്രവും ഇഴചേർന്ന, ഗവേഷണ പ്രധാനമായ വിഷയങ്ങളാണ്.
തെക്കൻ കേരളത്തിൽ രഥോത്സവങ്ങൾ തീരെ ഇല്ലാതിരുന്ന കാലത്ത്, 1835ലാണ് ഇവിടെ രഥ സമർപ്പണം നടന്നതെന്നാണ് ഗവേഷകാഭിപ്രായം. രാമായണ കഥ കൊത്തിയ ദാരുശില്പങ്ങളാൽ അലംകൃതമാണ് രഥം. വൃശ്ചികം- ധനു മാസങ്ങളിലും മേടത്തിലും നടക്കുന്ന രണ്ട് ഉത്സവങ്ങൾക്കല്ലാതെ ഈ രഥം പുരയിൽ നിന്ന് പുറത്തിറക്കുകയില്ല. തടിയിൽ പണികഴിപ്പിച്ച കൂറ്റൻ ചക്രങ്ങളോടുകൂടിയ രഥം വലിച്ചുകൊണ്ട് ഭക്തർ നീങ്ങുന്നതാണ് രഥഘോഷയാത്ര. രഥോത്സവത്തിൽ പങ്കെടുക്കാനും കണ്ട് വന്ദിക്കാനും അന്യദേശക്കാർ പോലും ഇപ്പോഴുമെത്തുന്നു. സതിക്കല്ലിനു തൊട്ടുള്ള ക്ഷേത്രത്തെക്കുറിച്ചും എതിർവശത്തുള്ള വിഠോബാ വിദ്യാലയത്തെക്കുറിച്ചും കൂടുതൽ ഗവേഷണങ്ങൾ വേണ്ടതാണ്. 1926-ൽ ആരംഭിച്ച ഈ സ്കൂൾ ശതാബ്ദി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്.