skipping-breakfast

പ്രഭാത ഭക്ഷണം രാജാവിനെപ്പോലെ കഴിക്കണമെന്നുള്ള വാചകം നമ്മളെല്ലാവരും ജീവിതത്തിൽ ഒരുതവണയെങ്കിലും കേട്ടിട്ടുണ്ടാവും. പോഷകങ്ങളടങ്ങളിയ വിവിധ ആഹാരങ്ങൾ കൂടുതൽ അളവിൽ കഴിക്കണമെന്നാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത്. പ്രഭാതഭക്ഷണം മസ്‌തിഷ്‌ക ഭക്ഷണം (ബ്രെയിൻ ഫുഡ്) ആണെന്നും പറയാറുണ്ട്. മസ്‌തിഷ്‌ക വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും പ്രഭാതഭക്ഷണം ദിവസേന നല്ല അളവിൽ കഴിക്കേണ്ടതുണ്ടെന്നാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത്. എന്നാൽ ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയിൽ മിക്കവാറും പേരും ആദ്യം ഒഴിവാക്കുന്നത് പ്രഭാത ഭക്ഷണമായിരിക്കും.

സമയം വൈകാതെ സ്‌കൂളിലും കോളേജിലും ഓഫീസിലുമൊക്കെ എത്തിച്ചേരാൻ പ്രഭാത ഭക്ഷണം കഴിക്കാതെയാകും പലരും വീട്ടിൽ നിന്നിറങ്ങുന്നത്. എന്നാൽ ഇത്തരത്തിൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന് പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കും. ഇന്റർമിറ്റന്റ് ഫാസ്‌റ്റിംഗ്, ഡയറ്റ് എന്നിവ നോക്കുന്നവരും പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. പതിവായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന്റെ ദോഷഫലങ്ങൾ പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. ഉപാപചയ മാറ്റങ്ങൾ മുതൽ ഊർജ്ജ നിലകളിലും വൈജ്ഞാനിക പ്രവർത്തനത്തിലും ഉണ്ടാകുന്ന ആഘാതം വരെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ സംഭവിക്കാമെന്നും നിരവധി ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നും പല പഠനങ്ങളും വ്യക്തമാക്കുന്നു.

പ്രാതൽ കഴിക്കുന്നതിലൂടെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുന്നു. ഇത് ഉപാപചയ ആരോഗ്യത്തിന്റെ (മെറ്റാബോളിക് ഹെൽത്ത്) പ്രധാന അടയാളമാണ്. സ്ഥിിരമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗ്ലൂക്കോസ് ടോളറൻസിനും ഇൻസുലിൻ പ്രതിരോധത്തിനും ഇടയാക്കും. ഫലമായി ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോൾ ഉച്ചഭക്ഷണത്തിന് ശേഷം രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവും ഇൻസുലിൻ പ്രതികരണശേഷിയും വർദ്ധിപ്പിക്കുന്നു. ഇത് ദിവസത്തിലെ തുടർഭക്ഷണങ്ങളോടുള്ള ഉപാപചയ കാര്യക്ഷമത കുറയ്ക്കുന്നു. ഒരുമാസം പതിവായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഊർജ്ജക്കുറവ്, ക്ഷീണം, ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയ്ക്കും കാരണമാവുന്നു.

പ്രഭാതഭക്ഷണം ശീലമാക്കുന്നത് മികച്ച ശ്രദ്ധയും ഓർമ്മശക്തിയും പഠനമികവും ഉണ്ടാവുന്നതിന് സഹായിക്കുന്നു. മാനസികാരോഗ്യത്തിനും വൈകാരിക വ്യതിയാനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന സെറോട്ടോണിൻ എന്ന ന്യൂറോട്രാൻസ്‌മിറ്റ‌റിനെയും പ്രഭാത ഭക്ഷണം സ്വാധീനിക്കുന്നു. ഒരു മാസത്തോളം പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് സെറോട്ടോണിൻ അളവിന്റെ വ്യതിയാനത്തിനിടയാക്കും. ഇത് ക്രമേണ ദേഷ്യം, ഉത്കണ്ഠ, വിഷാദരോഗം എന്നിവയ്ക്കുവരെ കാരണമാകാമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

പ്രഭാത ഭക്ഷണം പതിവായി ഒഴിവാക്കുന്നത് ഭാരം വർദ്ധിക്കുന്നതിനും അമിത വണ്ണത്തിനും കാരണമായേക്കാം. പിന്നീടുള്ള സമയങ്ങളിൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയാണ് ഇതിന് കാരണം. പതിവായി പ്രാതൽ ഒഴിവാക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തും.