hema-commision

സ്ത്രീയെ സെക്കൻഡുകൾ തുറിച്ചുനോക്കിയാൽ കേസെടുക്കാവുന്ന നിയമം നിലവിലുള്ള നാടാണ് സാക്ഷര കേരളം.
മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചൊല്ല് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതാണ് മലയാള സിനിമയിൽ കുറേക്കാലമായി ഒളിഞ്ഞുംതെളിഞ്ഞും കാണുന്ന അനഭിലഷണീയ സാഹചര്യങ്ങൾ. ഒട്ടേറെപ്പേർ ഉപജീവന മാർഗമായി സ്വീകരിച്ചിരിക്കുന്ന സിനിമാ വ്യവസായത്തിൽ അഭിനേത്രികൾ ഉൾപ്പെടെ മുഴുവൻ വനിതാ പ്രവർത്തകർക്കും അന്തസോടെ തൊഴിലെടുക്കാൻ സാധിക്കണം. അത്തരം സംസ്കാരം സിനിമാ മേഖലയിൽ ഉരുത്തിരിയേണ്ടതുണ്ട്.

സിനിമാ രംഗത്തെ പ്രമുഖരിൽ നിന്ന് സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമം തടയാൻ നിയമ നിർമ്മാണങ്ങളിലൂടെ നമുക്ക് കഴിയേണ്ടതുണ്ട്. ലൈംഗികാതിക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിനിടെ ഇരകളുടെ മൊഴികൾക്കു പുറമേ കമ്മിറ്റി ശേഖരിച്ച രേഖകളും മറ്റ് തെളിവുകളും ഇതു സത്യമാണെന്ന് അടിവരയിടുന്നുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ നല്ലൊരു ഭാഗം പുറത്തുവിട്ട സാഹചര്യത്തിൽ ഒരു വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും, മൊഴി നൽകിയവർക്ക് സംരക്ഷണം ഉറപ്പു നൽകി മൊഴിയിൽ ഉറച്ചുനിൽക്കാനുള്ള സാഹചര്യമൊരുക്കേണ്ടതുണ്ട്.

കർണാടകയിൽ ജനതാദൾ (എസ്) നേതാവും എം.പിയുമായ പ്രജ്വൽ രേവണ്ണ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അവിടത്തെ സർക്കാർ ഈ നിലപാടാണ് സ്വീകരിച്ചത്. പ്രജ്വൽ ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സോളാർ കേസിൽ ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ട് വന്നപ്പോൾ പ്രത്യേക സംഘത്തെ നിയമിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പിന്നീട് കേസ് സി.ബി.ഐക്കു വിടുകയും ചെയ്ത അനുഭവം നമുക്കു മുന്നിലുണ്ട്. ഇവിടെ ഭാരതീയ ന്യായ സംഹിതയുടെ വകുപ്പ് 74 പ്രകാരം, സ്ത്രീത്വത്തെ അപമാനിക്കൽ, 75 പ്രകാരം ലൈംഗിക അതിക്രമം, 77-ാം വകുപ്പ് പ്രകാരം 'വോയറിസം" എന്നിവയ്ക്ക് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാവുന്നതാണ്. ശിവരാജൻ കമ്മfഷനും ഹേമ കമ്മിറ്റിയും എന്ന വ്യത്യാസമേ ഇവിടെയുള്ളൂ. സർക്കാരിന് ഈ റിപ്പോർട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യാം. എന്നാൽ പീഡനത്തിനു വിധേയയായ ഇരയുടെ പേര് വെളിപ്പെടുത്താതെ വേട്ടക്കാരന്റെ പേര് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുനിൽക്കാനാകും?​


തൊഴിലിടങ്ങളിലെ അതിക്രമത്തിന് കമ്മിറ്റി രൂപീകരിച്ച് പരാതികൾ സ്വീകരിച്ച് നടപടിയെടുക്കണമെന്ന് 'വൈശാഖ വേഴ്സസ് സ്റ്റേറ്റ് ഒഫ് രാജസ്ഥാൻ" കേസിൽ 2007-ൽ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അത് ഇവിടെയും ബാധകമാക്കണം. കമ്മിറ്റി റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെങ്കിലും, ഈ റിപ്പോർട്ട് അംഗീകരിക്കുകയാണോ നിരസിക്കുകയാണോ ചെയ്യേണ്ടതെന്ന് അടിയന്തരമായി തീരുമാനിക്കണം. റിപ്പോർട്ട് അംഗീകരിക്കുന്ന സാഹചര്യത്തിൽ ഒരു അന്വേഷണ ഏജൻസി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ക്രിമിനൽ പ്രവൃത്തികൾ അന്വേഷിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും അഭികാമ്യമായുള്ളത്.


കമ്മിറ്റിക്കു മുന്നിൽ നടത്തിയത് രഹസ്യ വെളിപ്പെടുത്തലുകൾ ആയതിനാലും പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പ്രശ്നങ്ങളായതിനാലും റിപ്പോർട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ സർക്കാരിന് കത്തു നൽകിയിരുന്നതായി മുഖ്യമന്ത്രിയും,​ അങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പറയുന്നുണ്ട്. സാങ്കേതികതകൾ പറഞ്ഞ് തലയൂരുകയും തമ്മിലടിക്കുകയുമല്ല,​ പരിഹാരമാർഗം കണ്ടെത്തുകയാണ് വേണ്ടത്.

2017-ൽ രൂപീകരിച്ച ഹേമ കമ്മിറ്റിയുടെ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾക്കായി ഒരു കോടിയോളം രൂപ ചെലവാക്കിയിട്ടുണ്ട്. കമ്മിറ്റിയുടെ കണ്ടെത്തലുകൾ സിനിമാമേഖലയിൽ സ്ത്രീ സമൂഹത്തിന്റെ പീഡനപർവത്തെയാണ് തുറന്നുകാട്ടുന്നത്. 2019-ൽ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എ. അബ്ദുൽ ഹക്കീം എന്ന വിവരാവകാശ കമ്മിഷണർ റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിടുംവരെ നാലര വർഷം ആ റിപ്പോർട്ട് തമസ്കരിക്കപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ രഹസ്യാത്മകത സൂക്ഷിക്കണമെന്ന അഭ്യർത്ഥനയോടെയാണ് സാംസ്കാരിക വകുപ്പ് റിപ്പോർട്ട് കൈമാറിയത്.

കമ്മിറ്റിക്ക് മൊഴി നൽകിയ ഏതെങ്കിലും വനിത പരാതിയുമായി മുന്നോട്ടു വന്നാൽ ഇടപെടലുണ്ടാകുമെന്നും,​ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനെയും നിയമത്തിനു മുന്നിലെത്തിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. കമ്മിറ്റി ചൂണ്ടിക്കാട്ടിയ പതിന‍ഞ്ചംഗ പവർഗ്രൂപ്പിനെ തളയ്ക്കേണ്ടത് നിയമത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമല്ലേ? നാളുകളായി കേൾക്കുന്ന സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിന് തടയിടാൻ നമ്മുടെ സംവിധാനങ്ങൾക്ക് സാധിക്കില്ലെന്നുണ്ടോ? 'ഇരകൾക്ക് പരാതിയില്ലെങ്കിൽ പീഡകർക്ക് സ്വൈരവിഹാരം" എന്ന് പറയാതെ പറയുന്ന സമീപനങ്ങൾ ആരെ സംരക്ഷിക്കാനാണ് വെമ്പൽ കൊള്ളുന്നത്?


സിനിമയിൽ ഇനിയും അതിജീവിതകളെ സൃഷ്ടിക്കുകയല്ല, അവരുടെ ജീവിതം സുരക്ഷിതമാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. സിനിമ എന്ന വ്യവസായത്തിലെ പുഴുക്കുത്തുകളെ ഉന്മൂലനം ചെയ്യേണ്ടത്, നമ്മുടെ നിയമവ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് തെളിയിക്കേണ്ട പൊലീസ് സംവിധാനം കൂടിയാണ്. നിയമം തോറ്റു പോകരുത്. ഇരകൾക്ക് നീതി നഷ്ടമാകരുത്.