a

ബംഗളൂരു: ഇരുപത്തിമൂന്നാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ടേബിൾ ടെന്നീസ് ടീമംഗവും ഭാവിയിലെ വിലയ പ്രതീക്ഷയുമായിരുന്ന അർച്ചന കാമത്ത്. പ്രൊഫഷണൽ ടേബിൾ ടെന്നിസിൽ (ടി.ടി) വിരമിക്കുകയാണെന്ന് അറിയിച്ച അർച്ചന വിദേശത്ത് പഠക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി യു.എസിലെ മിഷിഗണിലാണ് താരം.

ഒളിമ്പിക്സിനു ശേഷം പരിശീലകൻ അൻഷുമാൻ ഗാർഗുമായി ചർച്ച നടത്തിയ ശേഷമാണ് അർച്ചന കളി നിറുത്താനുള്ള തീരുമാനമെടുത്തത്. ഇനിയുള്ള മത്സരങ്ങളിൽ മെഡൽ നേടുക ബുദ്ധിമുട്ടാണെന്നും കഠിനാധ്വാനം ചെയ്ണമെന്നും അർച്ചനയോട് പറഞ്ഞിരുന്നതായി ഗാർഗ് പറഞ്ഞു. ലോക റാങ്കിംഗിൽ അർച്ചന ആദ്യ മൂറിന് പുറത്താണ്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച പ്രകടനം നടത്താൻ അവൾക്ക് കഴിയുന്നുണ്ട്.ടേബിൾ ടെന്നിസ് വിടാനുള്ള തീരുമാനം അർച്ചന നേരത്തെ എടുത്തിരുന്നു എന്നാണ് തോന്നുന്നത്.-ഗാർഗ് പറ‌ഞ്ഞു.

ഇത്തവണ ഇന്ത്യയുടെ മൂന്നംഗ വനിതാ ടി.ടി ടീമിൽ ലോക ഒന്നാം നമ്പർ താരം സൺ യിംഗ് ഷയെ കീഴടക്കി മികച്ച ഫോമിലായിരുന്ന അയ്‌ഹിക മുഖർ‌ജിയെ തഴഞ്ഞ് അർച്ചനെയെ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. എന്നാൽ ഇത്തവണ ക്വാർട്ടർ വരെയെത്തി മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ വനിതാ ടി.ടി ടിമീൽ മിന്നും പോരാട്ടം കാഴ്ചവച്ചാണ് അർച്ചന ഇതിന് മറുപടി നൽകിയത്. ക്വാർട്ടർ ജർമ്മനിക്കെതിരെ -1-3നാണ് ഇന്ത്യ തോറ്റത്. ക്വാർട്ടറിൽ ജയിക്കാനായത് അർച്ചനയ്ക്ക് മാത്രമായിരുന്നു.

അതേസമയം സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടല്ല ടി.ടി വിടുന്നതെന്നും കൂടുതൽ പഠിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അർച്ചന പറഞ്ഞു. സഹോദരൻ നാസയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹമാണ് എന്റെ മാതൃക.സഹോദരനെപ്പോലെ ആകാനാണ് ശ്രമിക്കുന്നതെന്നും അർച്ചന കൂട്ടിച്ചേർത്തു.ടാർജറ്റ് ഒളിമ്പിക് പോഡിയം സ്കീമിലുള്ള അർച്ചനയ്ക്ക് നിരവധി സ്പോൺസർഷിപ്പുമുണ്ടായിരുന്നു.