wayanad

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മൂന്നാഴ്ചയ്ക്കകം ദുരന്തബാധിതര്‍ക്ക് താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 630 കുടുംബങ്ങളെ ഇതുവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു 160 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിശ്ചയിച്ചു നല്‍കി.

പുനരധിവസിപ്പിച്ചതില്‍ 26എണ്ണം സര്‍ക്കാര്‍ കെട്ടിടങ്ങളാണ്. നിലവില്‍ 5 ക്യാമ്പുകളില്‍ 97 കുടുംബങ്ങളാണ് തുടരുന്നത്. മേപ്പാടി, മൂപൈനാട്, വൈത്തിരി, കല്‍പ്പറ്റ, മുട്ടില്‍, അമ്പലവയല്‍, മീനങ്ങാടി, വേങ്ങപ്പള്ളി, പൊഴുതന തുടങ്ങിയ തദ്ദശ സ്വയം ഭരണ സ്ഥാപന പരിധിയിലാണ് കൂടുതലായി പുനരധിവാസം നടന്നത്. ദുരന്ത ബാധിതരുടെ താത്പര്യം കൂടി പരിഗണിച്ചാണിത്.


304 അതിഥി തൊഴിലാളികളെ ക്യാമ്പുകളില്‍ നിന്നും മാതൃ സംസ്ഥാനത്തേക്ക് അയച്ചു. ബാക്കിയുള്ളവരെ സുരക്ഷിതമായ മറ്റു തൊഴിലിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ക്യാമ്പുകളില്‍ ഉണ്ടായിരുന്ന 211 തോട്ടം തൊഴിലാളി കുടുംബങ്ങളില്‍ 54 കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്. സുരക്ഷിതമായ തൊഴിലിടങ്ങളിലേക്കും വാടക വീടുകളിലേക്കുമാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്.