eeeww

മുംബയ്: മഹാരാഷ്ട്രയിലെ ബദ്ലാപുരിൽ നഴ്സറി വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികളെ സ്‌കൂളിലെ ടോയ്‌ലെറ്റിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ

ആശങ്ക അറിയിച്ച് ബോംബെ ഹൈക്കോടതി. സ്കൂളുകൾ സുരക്ഷിതമല്ലെങ്കിൽ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രാധാന്യം നഷ്ടപ്പെടുമെന്ന്‌ കോടതി നിരീക്ഷിച്ചു. നാലു വയസ്സുള്ള പെൺകുട്ടികളെ പോലും വെറുതെ വിടുന്നില്ല. ഇത് ഞെട്ടിപ്പിക്കുന്നതാണ്. എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത ഉടൻ സ്‌കൂൾ അധികൃതർക്കെതിരെ നടപടി എടുക്കണമായിരുന്നു. മൊഴി രേഖപ്പെടുത്താൻ കാലതാമസം നേരിടുന്നതിൽ ബദ്ലാപൂർ പൊലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു.

കുട്ടികളുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ബീരേന്ദ്ര സറഫ് കോടതിക്ക് ഉറപ്പ് നൽകി. കേസ് എസ്‌.ഐ.ടിക്ക് കൈമാറും മുമ്പ് പൊലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കുന്ന സത്യവാങ്മൂലം സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് 27ന് വീണ്ടും പരിഗണിക്കും.

മൊഴി എടുക്കാത്തതെന്ത്
രണ്ടു കുട്ടികളിൽ ഒരാളുടെ മൊഴി എന്തുകൊണ്ടാണു രേഖപ്പെടുത്താത്തതെന്നു കോടതി പൊലീസിനോട് ചോദിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്ന് അറിയിക്കാനും അതു തങ്ങൾ പരിശോധിക്കുമെന്നും ജസ്റ്റിസുമാരായ രേവതി മോഹീതെ ദെര, പൃഥ്വിരാജ് കെ. ചവാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. രണ്ടാമത്തെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നത് അമ്പരപ്പുണ്ടാക്കുന്നു. എന്തുകൊണ്ട് കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയില്ല? ചട്ടപ്രകാരം മൊഴി രേഖപ്പെടുത്തുകയെന്നത് പൊലീസിന്റെ ജോലിയാണ്. സ്വമേധയാ കോടതി ഇടപെട്ട വിഷയമാണിത്. പെൺകുട്ടികളുടെ സുരക്ഷയിൽ വീഴ്ച വരുത്താനാകില്ല. സമൂഹത്തിൽ വലിയൊരു പൊട്ടിത്തെറിയുണ്ടാകുന്നതുവരെ ഈ സംവിധാനമൊന്നും പ്രവർത്തിക്കില്ല.'- കോടതി നിരീക്ഷിച്ചു.
നാളെ ബന്ദ്

അതേസമയം,​ കുട്ടികൾക്കെതിരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാളെ പ്രതിപക്ഷ പാർട്ടികൾ മഹാരാഷ്ട്രയിൽ ബന്ദിന് ആഹ്വാനം ചെയ്തു. മഹാ വികാസ് അഘാഡി സഖ്യമാണ് ബന്ദ് നടത്തുന്നത്.

പ്രതിയുടെ വീട് തകർത്തു

അതിനിടെ പ്രതിയായ അക്ഷയ് കുമാറിന്റെ വീട് ആൾക്കൂട്ടം അടിച്ചുതകർത്തു. ഇയാളുടെ കുടുംബത്തെയും ആക്രമിച്ചു. അക്രമണത്തിന് പിന്നാലെ ഇയാളുടെ ബന്ധുക്കളുൾപ്പെടെ സ്ഥലത്തുനിന്ന് മാറി.

കഴിഞ്ഞ 13നാണു ശുചിമുറിയിൽ വച്ചു ശുചീകരണത്തൊഴിലാളിയായ 24കാരൻ കുട്ടികളെ പീഡിപ്പിച്ചത്. പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്‌തെങ്കിലും കേസ് ഒത്തുതീർപ്പാക്കാൻ സ്‌കൂൾ മാനേജ്‌മെന്റും പൊലീസും ഒത്തുകളിച്ചെന്നു നാട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തെ തുടർന്നു രക്ഷിതാക്കളും നഗരവാസികളും ചേർന്നു സ്‌കൂൾ ആക്രമിക്കുകയും ട്രെയിൻ ഗതാഗതമുൾപ്പെടെ തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.