വാഷിംഗ്ടൺ : കടുത്ത ചൂട് മൂലം ദേഹാസ്വാസ്ഥ്യം നേരിട്ട കാണികളിൽ ഒരാൾക്കായി പ്രസംഗം പാതിവഴിയിൽ നിറുത്തി സഹായത്തിനിറങ്ങി യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം നോർത്ത് കാരലൈനയിലെ ആഷ്ബറോയിലായിരുന്നു സംഭവം.
ജൂലായിൽ വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ട്രംപ് പങ്കെടുത്ത ആദ്യ ഔട്ട്‌ഡോർ റാലിയായിരുന്നു ഇത്. ബുള്ളറ്റ്പ്രൂഫ് ഗ്ലാസ് കവചത്തിനുള്ളിൽ നിന്നായിരുന്നു ട്രംപിന്റെ പ്രസംഗം. കാണികളിൽ ഒരാൾ അസ്വസ്ഥത നേരിട്ടത് ശ്രദ്ധയിൽപ്പെട്ട ട്രംപ് ഉടൻ പ്രസംഗം നിറുത്തി.
വൈദ്യസഹായത്തിനായി മൈക്കിലൂടെ ആവശ്യപ്പെട്ട ട്രംപ് ബുള്ളറ്റ്പ്രൂഫ് ഗ്ലാസിൽ നിന്ന് പുറത്തിറങ്ങി സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തോടെ ദേഹാസ്വാസ്ഥ്യം നേരിട്ടയാളുടെ അടുത്തെത്തി വിവരങ്ങൾ തിരക്കി. പിന്നാലെ വേദിയിൽ തിരിച്ചെത്തി പ്രസംഗം തുടർന്നു.
സാധാരണ സിറ്റിംഗ് പ്രസിഡന്റുമാർക്കാണ് ബുള്ളറ്റ്പ്രൂഫ് ഗ്ലാസ് സുരക്ഷ നൽകുന്നത്. റാലി നടന്ന വേദിക്ക് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യേക നിരീക്ഷണമുണ്ടായിരുന്നു. ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് മുകളിൽ സ്നൈപ്പർമാരും നിലയുറപ്പിച്ചു. ആയിരക്കണക്കിന് പേരാണ് റാലിയിൽ പങ്കെടുത്തത്.
കെന്നഡി ജൂനിയർ പിന്മാറും
സ്വതന്ത്ര സ്ഥാനാർത്ഥി റോബർട്ട് എഫ്. കെന്നഡി ജൂനിയർ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുമെന്ന് റിപ്പോർട്ട്. ഇന്ന് അരിസോണയിൽ നടക്കുന്ന റാലിയിൽ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് വിവരം. മുൻ ഡെമോക്രാറ്റിക് അംഗമായ അദ്ദേഹം ട്രംപിന് പിന്തുണ പ്രഖ്യാപിച്ചേക്കും. മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സഹോദരനും മുൻ സെനറ്ററുമായ റോബർട്ട് എഫ്. കെന്നഡിയുടെ മകനാണ് ഇദ്ദേഹം.
കമല നോമിനേഷൻ സ്വീകരിക്കും
ഷിക്കാഗോയിൽ ആരംഭിച്ച ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷണൽ കൺവെൻഷൻ ഇന്ത്യൻ സമയം ഇന്ന് രാവിലെ 8.30ന് സമാപിക്കും. പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും മിനസോട്ട ഗവർണറുമായ ടിം വാൽസ് ഇന്നലെ ഔദ്യോഗികമായി നോമിനേഷൻ സ്വീകരിച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ് ഇന്ന് പുലർച്ചെ നോമിനേഷൻ സ്വീകരിച്ച ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യും.