airport
പ്രതീകാത്മക ചിത്രം

കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറച്ചതോടെ കാലങ്ങളായി വിമാനത്താവള അധികൃതര്‍ നേരിട്ടിരുന്ന വലിയ വെല്ലുവിളിക്ക് ശമനം. ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി കുറച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പിലായതോടെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതി കുറച്ചതോടെ സ്വര്‍ണം കടത്തിക്കൊണ്ടുവരുമ്പോള്‍ കിട്ടിയിരുന്ന ലാഭം മൂന്നിലൊന്നായി കുറഞ്ഞതോടെയാണ് നിരവധിപേര്‍ കള്ളക്കടത്തില്‍ നിന്ന് പിന്‍മാറിയത്.

മുമ്പ് ഒരു കിലോഗ്രാം സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവന്നാല്‍ ഒമ്പത് ലക്ഷം രൂപ വരെ ലാഭമായി കിട്ടിയിരുന്നു. എന്നാല്‍ നികുതി കുറച്ചതോടെ ഇത് മൂന്ന് ലക്ഷത്തില്‍ താഴെ മാത്രമായി. അതോടെ വലിയ റിസ്‌ക് എടുത്ത് ചെയ്യുന്ന കള്ളക്കടത്തിന് പ്രതിഫലം കുറയുകയും ചെയ്തു. ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണം വാങ്ങാന്‍ വിലക്കുറവുണ്ടായിരുന്നു. നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു പവന് 5000 രൂപവരെയായിരുന്നു വ്യത്യാസം. എന്നാല്‍ നികുതി കുറച്ചതോടെ ഇത് 1000ന് അടുത്ത് മാത്രമായി.

കള്ളക്കടത്ത് കുറഞ്ഞതിനൊപ്പം തന്നെ ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലെ സ്വര്‍ണ വ്യാപാരത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധനയില്‍ ഇപ്പോഴും കള്ളക്കടത്തുകാര്‍ പിടിയിലാകുന്നുണ്ടെങ്കിലും മുമ്പത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ വലിയ ഇടിവ് തന്നെ സംഭവിച്ചിട്ടുണ്ട്. വിപണിയിലെ ട്രെന്‍ഡ് അനുസരിച്ച് ഗള്‍ഫിലെ സ്വര്‍ണ വ്യാപാരം 20 ശതമാനം വരെ ഇടിവ് നേരിടുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ്.

സ്വര്‍ണത്തിന് മേലുള്ള നികുതി കുറച്ചാല്‍ സമാന്തര വ്യാപാരവും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അതേസമയം കേരളത്തില്‍ സ്വര്‍ണവില ബഡ്ജറ്റിന് ശേഷം കുറഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ബഡ്ജറ്റിന് അടുത്ത ദിവസങ്ങളില്‍ കുറഞ്ഞ തുക വിവിധ തവണകളിലായി ഇതിനോടകം വര്‍ദ്ധിച്ചിട്ടുണ്ട്. ചിങ്ങമാസവും വിവാഹ സീസണും അടുത്തതോടെ കേരളത്തില്‍ സ്വര്‍ണ വിപണി സജീവമായി കച്ചവടം നടത്തുന്നുമുണ്ട്.