ബെർലിൻ: ലോകമെമ്പാടും ആരാധകരുള്ള ജർമ്മൻ ദേശീയ ഫുട്ബാൾ ലീഗായ ബുണ്ടസ് ലിഗയുടെ 2024/25 സീസണിന് ഇന്ന് രാത്രി കേളി കൊട്ടുയരും. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 12ന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബയേർ ലെവർകുസനും ബൊറൂഷ്യ മോൺചെൻഗ്ലാഡ്ബാഷും തമ്മിൽ ഏറ്റുമുട്ടും.
മോൺചെൻഗ്ലാഡ്ബാഷിന്റെ തട്ടകമായ ബൊറൂഷ്യ പാർക്കിലാണ് ഉദ്ഘാടന മത്സരം.
തുടർച്ചയായി 11 സീസണുകളിൽ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന്റെ കിരീട വാഴ്ച അവസാനിപ്പിച്ച് ഒരു മത്സരത്തിൽപ്പോലും തോൽക്കാതെയാണ് സാബി അലോൺസോയുടെ ശിക്ഷണത്തിൽ ലെവർകുസൻ കഴിഞ്ഞ സീസണിൽ ബുണ്ടസ് ലിഗ കിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ 22 ബുണ്ടസ് ലിഗ സീസണുകളിലും നിലവിലെ ചാമ്പ്യൻമാർ അടുത്ത സീസണിലെ ഉദ്ഘാടന മത്സരത്തിൽ തോറ്റിട്ടില്ല. അതേസമയം അവസാനമായി നിലവിലെ ചാമ്പ്യന്മാരെ ഉദ്ഘാടന മത്സരത്തിൽ തോൽപ്പിച്ച ടീം മോൺചെൻഗ്ലാഡ്ബാഷാണ്. 2001ൽ ബയേൺ മ്യൂണിക്കിനെയാണ് മോൺചെൻഗ്ലാഡ്ബാഷ് കീഴടക്കിയത്. ഞായറാഴ്ച വോൾഫ്‌സ് ബർഗിനെതിരെയാണ് ബയേണിന്റെ ഈ സീസണിലെ ആദ്യ മത്സരം.
സൂപ്പർതാരം വിൻസന്റ് കോംപനിയുടെ ശിക്ഷണത്തിലാണ് കിരീടം വീണ്ടെടുക്കാൻ ഈ സീസണിൽ ബയേണിറങ്ങുന്നത്.